1
കാർഷിക വിളകളുടെ കൂട്ടുകാരൻ ..ശിവാനന്ദ കൃഷിയിടങ്ങളിൽ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് നേടിയ പുത്തൂർ കൃഷിഭവന് കീഴിലുള്ള ബളക്കില ഹൗസിൽ ശിവാനന്ദയുടെ തോട്ടത്തിൽ എത്തിയാൽ ആരും ഒന്ന് അദ്ഭുതപ്പെടും. ശിവാനന്ദയുടെ തോട്ടത്തിലും കൃഷിയിടങ്ങളിലും ഇല്ലാത്ത കാർഷിക വിഭവങ്ങൾ ഇല്ലെന്നു തന്നെ പറയാം. എല്ലാം ഒരു കുടക്കീഴിലുണ്ട് ഈ പച്ചപ്പുകളിൽ.

നാളികേരവും അടയ്ക്കയും നെല്ലും പച്ചക്കറികളും നന്നായി കൃഷി ചെയ്യുന്ന ശിവാനന്ദ തന്റെ പഴയ കൃഷിയിടം തോട്ടമായി മാറ്റിയെടുത്തതോടെ കോഴിയും മുയലുകളും മീനുകളും പശുവും പോത്തുകളും അടക്കം ആ തോട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നു. എട്ട് കാസർകോട് കുള്ളൻ പശുക്കൾ ഉണ്ട് ശിവാനന്ദയുടെ ആലകളിൽ. പത്താം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ അർസ പൂജാരിയുടെ കൂടെ വയലുകളിലെ ചേറിലേക്ക് ഇറങ്ങിയ ശിവാനന്ദ പിന്നീട് അച്ഛന്റെ നെൽകൃഷി മാത്രമെന്ന നിലപാടിൽ മാറ്റം വരുത്തി തങ്ങളുടെ കൃഷിയിടം മുഴുവൻ വയലുകളും തോട്ടങ്ങളും എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു. ഈ അമ്പത്തിയഞ്ചുകാരന്റെ കൂട്ടുകുടുംബത്തിലെ എല്ലാവരും കൃഷിക്കാരാണ്. കാർഷിക വൃത്തിയിൽ നിന്ന് കിട്ടുന്ന വരുമാനം തന്നെയാണ് ഈ മാതൃക കർഷക കുടുംബത്തിന്റെ ജീവനോപാധി.

വീടും പുരയിടവും കൃഷിയിടവുമായി 10 ഏക്കർ സ്ഥലമുണ്ട് ഇവർക്ക്. ഇവയിൽ ഭൂരിഭാഗവും ഇന്ന് കൃഷി ചെയ്യുന്ന സ്ഥലങ്ങളാണ്. സ്വന്തമായുള്ള അഞ്ചേക്കർ സ്ഥലത്തും പാട്ടത്തിന് എടുത്ത ഏഴ് ഏക്കർ സ്ഥലങ്ങളിമായി നെൽകൃഷി ചെയ്യുന്നുണ്ട്. ഏട്ടൻ ചന്ദ്രഹാസയും ശിവാനന്ദയും ചേർന്നാണ് കൃഷി ചെയ്തിരുന്നത്. ഏട്ടന്റെ മരണത്തിന് ശേഷം കൃഷിയിടങ്ങൾ മുഴുവൻ നോക്കിനടത്തുന്നത് ശിവാനന്ദയാണ്. ഭാര്യ പുഷ്പവതിയും മക്കളായ വിസ്മിത, അർപ്പിത, നിധീഷ് എന്നിവരും ഏട്ടന്റെ ഭാര്യയും മൂന്ന് മക്കളും സഹോദരിമാരായ ദേവകിയും പ്രേമയും എല്ലാം ശിവാനന്ദയ്ക്ക് കൃഷിയിടങ്ങളിൽ കരുത്തുപകരുകയാണ്.

അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷം തോന്നുന്നു. മുമ്പൊന്നും ഇത്തരം കാര്യങ്ങൾ ഉണ്ടായിരുന്നില്ല. കൃഷിക്കാർക്ക് ഏറെ പ്രോത്സാഹനമാണ് ഈ അംഗീകാരം.

ശിവാനന്ദ