choottad
ചൂട്ടാട് ബീച്ച് പാർക്ക് കടലിൽ ഇറങ്ങിയിരിക്കുന്ന സ്ത്രീകളും കുട്ടികളും

പഴയങ്ങാടി: കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചൂട്ടാട് ബീച്ച് പാർക്കിലെ കടൽ തീരം, മാട്ടൂൽ സെന്ററിലെ കടൽ തീരം എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുമ്പോഴും ഇവരുടെ സുരക്ഷ ഭീഷണി തുടരുകയാണ്. ദിനേന നൂറു കണക്കിന് സന്ദർശകർ എത്തുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ചൂട്ടാട് ബീച്ചിൽ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉള്ളത്. കടലും പുഴയും ഒന്നിച്ചുചേരുന്ന പുതിയവളപ്പ് ചൂട്ടാട് അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ചിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവും ഒടുവിലായി 13 വയസുകാരൻ ബീച്ചിൽ കുളിക്കുമ്പോൾ ഒഴുക്കിൽപെട്ട് മരണപ്പെട്ടിരുന്നു.
സ്ഥിരം ലൈഫ് ഗാർഡുകളോ, അപായ സൂചന ബോർഡുകളോ, സ്ഥിരം പൊലീസ് പട്രോളിംഗോ ഈ ബീച്ചിൽ ഇല്ല. ദൂര ദിക്കുകളിൽ നിന്നും എത്തുന്ന സന്ദർശകർ അപകടം മനസിലാകാതെ കടലിലിറങ്ങുന്ന കാഴ്ച സർവ സാധാരണയാണ്. നാട്ടുകാർ കണ്ണൂർ ജില്ലാ കളക്ടറെ നേരിൽ കണ്ടു പരാതി നൽകിയതിനെ തുടർന്ന് താത്കാലികമായി പയ്യാമ്പലത്തുള്ള ഒരു ലൈഫ് ഗാർഡിനെ നിയമിച്ചെങ്കിലും അതും ഇപ്പോൾ ഇല്ല. മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് ഒരുക്കിയിരിക്കുന്ന ഹോട്ടലുകളിലേക്കും പെറ്റ് സ്റ്റേഷനിലേക്കും ഒഴുകി എത്തുന്നത് ആയിരങ്ങളാണ്. ഒരു നിയന്ത്രണവുമില്ലാതെ അടുത്ത ജില്ലയിൽ നിന്ന് വരെ എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരോ പൊലീസോ സുരക്ഷാ ക്രമീകരങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല.

ലഹരി നിറയ്ക്കുന്ന അപകടങ്ങളും

ചൂട്ടാട് ബീച്ച് പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ഇവിടെ വ്യാപകയിട്ടുണ്ട്. ഇത് പലപ്പോഴും നാട്ടുകാർക്കും സന്ദർശകർക്കും വലിയ ബുദ്ധിമിട്ടുകളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനാൽ റോഡപകടങ്ങളും പതിവാണ്.

ചൂട്ടാട് ബീച്ച് പാർക്ക് കടൽതീരം അപകട മുനമ്പാണ്. സുരക്ഷ സംവിധാനം ഒരുക്കേണ്ട ഡി.ടി.പി.സി ഈ ഭാഗം തിരിഞ്ഞു നോക്കാറില്ല. സ്ത്രീകളും കുട്ടികളും കടലിൽ ഇറങ്ങുന്നത് തടയാനും ഇവിടെ ആരുമില്ല. ഉടനടി ലൈഫ്ഗാർഡുകളെ നിയമിക്കണം.

സമദ് ചൂട്ടാട്, മാടായി പഞ്ചായത്ത് അംഗം

ഒഴിവ് ദിവസങ്ങളിൽ ആയിരങ്ങൾ എത്തുന്ന മാട്ടൂൽ കടൽ തീരത്ത് അപകട സാദ്ധ്യത ഏറെയാണ്. ജില്ലാ ഭരണകൂടത്തിന് മുന്നിൽ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷക്കായി ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

ഗഫൂർ മാട്ടൂൽ, മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്