കണ്ണൂർ: റോഡ്, കനാൽ തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് നൽകുമ്പോൾ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന് ഇന്നലെ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആക്ഷേപം. പല ഭാഗങ്ങളിലും വലിയ ഏരിയയും എസ്റ്റിമേറ്റ് തുക കുറവുമായതിനാൽ കരാറുകാർ ജോലി ഏറ്റെടുക്കുന്നില്ലെന്ന് യു.ഡി.എഫ് കൗൺസിലർ പി. ഇന്ദിര പറഞ്ഞു. എസ്റ്റിമേറ്റ് എടുത്തതിന് കുറേ കഴിഞ്ഞാണ് പണി ആരംഭിക്കുന്നത്. ആ സമയത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിൽ പഴയതിനേക്കാൾ ശോചനീയാവസ്ഥയിലായിരിക്കും. അവിടെ പാച്ച് വർക്കിന് മാത്രം വലിയ തുക ആവശ്യമാകും. അതിനാൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുമ്പോൾ അതുകൂടി പരിഗണിക്കണമെന്നും ഇന്ദിര ചൂണ്ടിക്കാട്ടി.
ചെറിയ സമയത്തിനുള്ളിൽ അഞ്ഞൂറോളം വർക്കുകൾ ഏറ്റെടുത്ത് നടത്തേണ്ടിവരുമ്പോൾ എസ്റ്റിമേറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ആ പ്രദേശത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരോട് ചോദിച്ചാണ് എസ്റ്റിമേറ്റ് തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. നഗരത്തിലെ വീടുകളിൽ കുടിവെള്ള പൈപ്പ് കണക്ഷൻ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബഡ്ജറ്റിൽ പ്രത്യേക പദ്ധതി ഉൾപ്പെടുത്തുമെന്ന് മേയർ വ്യക്തമാക്കി.
കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി ഏപ്രിൽ ഒന്നിന് മന്ത്റി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നും 23ന് ബഡ്ജറ്റ് യോഗം ചേരുമെന്നും മേയർ അറിയിച്ചു. കോർപ്പറേഷനിൽ മരംമുറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ യോഗം പ്രതിഷേധിച്ചു. മേയർ ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സുരേഷ് ബാബു എളാവൂർ, എൻ. സുകന്യ എന്നിവരും സംസാരിച്ചു.
ഭൂരഹിതരായവർക്ക് പാർപ്പിടമൊരുക്കുന്നതിന് കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തിയാൽ അത് ലഭ്യമാക്കാൻ കൂട്ടായി ശ്രമിക്കും. സ്ഥലം ലഭിച്ചാൽ വീടോ ഫ്ളാറ്റ് സമുച്ചയമോ നിർമ്മിക്കും. പദ്ധതി നടപ്പിലായാൽ ഒരു മൾട്ടി ലെവൽ പദ്ധതിയായി ഇതിനെ മാറ്റാം.
അഡ്വ. ടി.ഒ. മോഹനൻ, മേയർ
സ്ഥലമില്ലാത്തതിന്റെ പേരിൽ സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ പാവപ്പെട്ട പലർക്കും അപേക്ഷിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് ലൈഫ് മിഷൻ, പ്രാധാനമന്ത്റി പി.എം.വൈ പദ്ധതി ഇവയെ കുറിച്ചൊക്കെ മതിയായ അറിവില്ല. ജനങ്ങൾക്ക് ഇതേകുറിച്ച് കൃത്യമായ വിവരങ്ങൾ നല്കണം.
സുരേഷ് ബാബു എളയാവൂർ, സ്ഥിരംസമിതി അദ്ധ്യക്ഷൻ
നഗരത്തിലെ പല വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷൻ ലഭിച്ചിട്ടില്ല. കടുത്ത വേനലിലും പൊതു പൈപ്പുകളിൽ നിന്ന് പലരും വസ്ത്രങ്ങളുൾപ്പെടെ അലക്കുന്നത് പലയിടത്തായി കണ്ടുവരുന്നുണ്ട്.
എസ്. ഷഹീദ, എൽ.ഡി.എഫ് കൗൺസിലർ