കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനത്തിന് മൂവായിരം പേരെ പങ്കെടുപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നിന് വൈകിട്ട് ആറ് മണിക്ക് കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ വാർഷികത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിപുലമായ എക്‌സിബിഷനും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരമാവധി ജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന വേദിയായി മന്ത്രിസഭാ വാർഷിക എക്‌സിബിഷനെ മാറ്റണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനായി ഓരോ വകുപ്പും എന്തൊക്കെ സേവനങ്ങൾ തൽസമയം സ്റ്റാളുകളിൽ നൽകാനാവുമെന്ന് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം.
യോഗത്തിൽ ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.