കാഞ്ഞങ്ങാട്: വേനലിന്റെ കാഠിന്യം കൂടിയതോടെ ജലജന്യരോഗങ്ങൾക്കായുള്ള കരുതലും അനിവാര്യമാകുന്നു. പാതയോരങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവർഗ്ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും.
മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകൾ വലിയ തോതിൽ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്ത രോഗങ്ങൾ ഉഷ്ണകാലത്ത് കൂടുതൽ കാണപ്പെടുന്ന രോഗമാണ്. വെള്ളത്തിൽ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം, മനുഷ്യ വിസർജ്യത്താൽ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു. ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണുക്കൾ ശരീരത്തിൽ കയറി രണ്ട് മുതൽ ആറ് ആഴ്ച കഴിഞ്ഞാലേ രോഗ ലക്ഷണങ്ങൾ പൂർണമായും പ്രകടമാകൂ. ക്ഷീണം, പനി, ചർദ്ദി, വിശപ്പില്ലായ്മ, കൺവെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ടൈഫോയിഡ് മലിനജലത്തിലൂടെയും രോഗിയുടെ വിസർജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണപദാർഥത്തിലൂടെയും പകരുന്ന രോഗമാണ്.
പിഴവുകൾ പലതുണ്ട്
വേനൽകാലത്ത് പാതയോരത്ത് കുമിൾ പോലെയാണ് ശീതള പാനീയ പന്തലുകൾ ഉയരുന്നത്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് ശ്രദ്ധിക്കുക. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ പിഴവുകൾ കണ്ടെത്തുകയുണ്ടായി.
പരാതി അറിയിക്കാം
കുറ്റകരമായ അനാസ്ഥ കണ്ടാൽ പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാം.