മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപയുടെ സ്വർണം കസ്റ്റംസും എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് പിടികൂടി. കാസർകോട് ചെമ്മനാട് സ്വദേശി നവാസിൽ നിന്നാണ് 2034 ഗ്രാം സ്വർണം പിടിച്ചത്. രണ്ടു കിലോയിലധികം സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട് ഷാർജയിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലാണ് നവാസ് എത്തിയത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. സ്വർണക്കടത്തിനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം യാത്രക്കാരിയിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ ജുബർ ഖാൻ , ദീപക്, രാം ലാൽ തുടങ്ങിയവർ പങ്കെടുത്തു.