
കണ്ണൂർ : കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിശാല ഇടതുപക്ഷവിരുദ്ധ മുന്നണിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വിമോചന സമരത്തിന്റെ കേന്ദ്രമായിരുന്നു ചങ്ങനാശേരി. എന്നാൽ 57-59 കാലമല്ല ഇതെന്ന് ഓർക്കണം. മാടപ്പള്ളിയിലെ സമരകേന്ദ്രത്തിൽ കേന്ദ്രമന്ത്രിയും സാമുദായിക നേതാവും മതമേലദ്ധ്യക്ഷനുമൊക്കെ ഒത്തുചേർന്നു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നായനാർ അക്കാഡമിയിൽ ഓർമ്മമരം നട്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായി ആസൂത്രണം ചെയ്താണ് കെ- റെയിൽ വിരുദ്ധ സമരം നടത്തുന്നത്. കുട്ടികളെയും സ്ത്രീകളെയും കൊണ്ടുവന്ന് മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം. അവിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടന്നെന്നാണ് പ്രചാരണം. ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനില്ലേ. അതുകൊണ്ടാണ് അവരെ പൊലീസ് മാറ്റിയത്.
ജനങ്ങളെ കൂടെ നിറുത്തിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. എട്ടുസംസ്ഥാനങ്ങളിൽ റെയിൽ പദ്ധതികൾ നടക്കുന്നുണ്ട്. ഇവിടെ മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും സമരം നടത്തുന്നത്. സമരക്കാർ പിഴുതെറിഞ്ഞ കല്ലുകൾ ഭൂവുടമസ്ഥർ തിരിച്ചുസ്ഥാപിക്കുന്ന കാഴ്ചയാണ്. അവർക്ക് നഷ്ടപരിഹാരം കൃത്യമായി കിട്ടുമെന്ന് അറിയുന്നതുകൊണ്ടാണിത്.
കൃത്യമായ രാഷ്ട്രീയ സമരമാണിത്. കല്ലുകൾ പിഴുതെറിയുന്നതുകൊണ്ട് പദ്ധതി ഇല്ലാതാക്കാനാകില്ല. അങ്ങനെയെങ്കിൽ തറക്കല്ല് പൊളിച്ചാൽ മതിയാകുമല്ലോ.
യു.ഡി.എഫ് സർക്കാർ ഇട്ട തറക്കല്ലുകളിൽ എത്രയെണ്ണമാണ് പൊങ്ങിയത്. സി.പി.എം 1040 വീടുകളാണ് നിർമ്മിച്ചുനൽകിയത്. ഒരു വീടെങ്കിലും നിർമ്മിച്ചുനൽകാൻ കോൺഗ്രസിനായോയെന്നും കോടിയേരി ചോദിച്ചു.
ക്യാപ്ഷൻ: കണ്ണൂർ നായനാർ അക്കാദമിയിൽ സി.പി.എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വൃക്ഷത്തൈ നടുന്നു .കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ , പി.കെ ശ്രീമതി , ജില്ലാ സിക്രട്ടറി എം. വി ജയരാജൻ ,എ.എൻ.ഷംസീർ എം എൽ എ എന്നിവർ സമീപം