youth
കളക്ടറേറ്റ് വളപ്പിൽ കെ.റെയിൽ കുറ്റി നാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു

കണ്ണൂർ:കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേ​റ്റ് വളപ്പിൽ കെ റെയിൽ കല്ല് സ്ഥാപിക്കാൻ ശ്രമിച്ചത് കണ്ണൂരിൽ ചെറിയ സംഘർഷത്തിനിടയാക്കി. ഇന്നലെ ഉച്ചയോടെ ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസിനെ വെട്ടിച്ചാണ് കളക്ടറേ​റ്റിലേക്ക് കടന്നത്. പ്രവർത്തകർ കളക്ടറേ​റ്റ് പ്രധാന കവാടം വഴി സിവിൽ സ്​റ്റേഷൻ വളപ്പിൽ കടന്ന് മുദ്റാവാക്യം വിളിച്ച് കല്ല് നാട്ടുകയായിരുന്നു. ഇവരെ അറസ്​റ്റു ചെയ്യാള്ള ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, റിനിൽ മതുക്കോത്ത്, നികേത് നാറാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രർത്തകരാണ് പ്രതിഷേധ സമരവുമായെത്തിയത്.ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലെത്തിയ പൊലീസുകാർ രാവിലെ മുതൽ കളക്ടറേ​റ്റിലെ രണ്ട് കവാടത്തിലും നിലയുറപ്പിച്ചിരുന്നുവെങ്കിലും പ്രവർത്തകർ ഇവരെവെട്ടിച്ച് ഉള്ളിലേക്ക് കയറി.സമരത്തിന് നേതൃത്വം കൊടുത്ത ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, കെ .കമൽജിത്, സന്ദീപ് പണപ്പുഴ, ശ്രീജേഷ് കൊയ്‌ലറിയാൻ, പ്രനിൽ മാതുകോത്, പി .ഇമ്രാൻ, സുധീഷ് കുന്നത് എന്നിവരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു.