പയ്യന്നൂർ: നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ്, ഇന്ന് മുതൽ അടച്ചിടുവാനും , ടൗണിൽ വാഹന ഗതാഗതത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ സി.ഐ.ടി.യു ഓഫീസ് - ടി.പി. സ്റ്റോർ റോഡ് വഴിയും

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡ് - പെരുമ്പ മെയിൻ റോഡ് വഴിയും പോകണം. ചെറിയ വാഹനങ്ങൾ മെയിൻ റോഡിൽ പ്രവേശിക്കാതെ പരമാവധി ഇടറോഡുകളുടെ സൗകര്യം ഉപയോഗപ്പെടുത്തണം. സി.ഐ.ടി.യു ഓഫീസ് - സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിംഗ് അനുവദിക്കില്ല. സെന്റ് മേരിസ് സ്കൂളിലേക്കുള്ള വാഹനങ്ങൾ വടക്കുഭാഗത്തുളള ഗേറ്റ് വഴി പ്രവേശിക്കണം. റോഡ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ കാര്യക്ഷമമായി ഇടപെടുമെന്ന് പൊലീസ് യോഗത്തിൽ അറിയിച്ചു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് അധികൃതർ, പൊലീസ്, ചേമ്പർ ഓഫ് കൊമേഴ്സ്, വ്യാപാരി- വ്യവസായി പ്രതിനിധികൾ, ബസ് - ഓട്ടോറിക്ഷ , ഹോട്ടൽ അസോസിയേഷൻ, പൗരസമിതി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.