പഴയങ്ങാടി :മാടായി ചൈനക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ ശ്രീ പോർക്കലി സ്റ്റീൽസ് വീണ്ടും തുറന്നു. കടയ്ക്ക് മുന്നിൽ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടർന്ന് നാല് ദിവസം മുമ്പ് കട അടച്ചതായി കടയുടമ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കടയുടെ മുന്നിലെ സമരത്തിൽ നിന്ന് തൊഴിലാളികൾ മാറിയതോടെ കട തുറക്കുകയായിരുന്നു.
കട തുറന്നത് അറിഞ്ഞ തൊഴിലാളികൾ വീണ്ടും കടക്ക് മുന്നിൽ സമരവും പുനരാരംഭിച്ചു. മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തൊഴിലാളികളെ അനാവശ്യ സമരക്കാരെന്ന മുദ്ര കുത്തുവാനാണ് കടയുടമ മോഹൻലാലിന്റെ ശ്രമമെന്നും കടപൂട്ടൽ നാടകം ഇതിന് തെളിവാണെന്നും ചുമട്ടുതൊഴിലാളികൾ പറഞ്ഞു.
കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണമായത്. സ്ഥാപനത്തിൽ എത്തുന്ന സാധനങ്ങൾ ഇറക്കാൻ സി.ഐ.ടി.യു തൊഴിലാളികളെ അനുവദിക്കാത്തതാണ് സമരത്തിന് കാരണമായത്. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് തൊഴിൽ എടുപ്പിച്ച് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമ സ്വീകരിക്കുന്നതെന്നാണ് സി.ഐ.ടി.യു ആരോപണം. സമരവുമായി ബന്ധപ്പെട്ട് ഒരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാട് ധിക്കാരപരമാണെന്നും ഇവർ പറയുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് മാടായി ഏരിയ ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് ഐ.വി ശിവരാമൻ പറഞ്ഞു.