മാഹി: സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പു വന്നതോടെ പുതുച്ചേരിയുടെ ഭാഗമായുള്ള മാഹിയിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റംവരും.
കഴിഞ്ഞദിവസങ്ങളിൽ ഇതിനായുള്ള ഹെലികോപ്ടർ സർവ്വേ കരിയാട്, മേക്കുന്ന്, പെരിങ്ങത്തൂർ, പാനൂർ, ചമ്പാട് മേഖലകളിൽ നടത്തിയിരുന്നു.
ഒരു തരിമണ്ണു പോലും കെ റയിലിന് വിട്ടുനൽകില്ലെന്ന് രമേശ് പറമ്പത്ത് എം.എൽ.എ നേരത്തെ വ്യക്തമാക്കിരുന്നു. ബി.ജെ.പി സഖ്യം ഭരിക്കുന്ന പുതുച്ചേരി സർക്കാറിന്റെ തീരുമാനവും മറിച്ചല്ല. ഈ സാഹചര്യത്തിലാണ് കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്.
വടകര മുതൽ കണ്ണൂർ വരെയുള്ള അലൈൻമെന്റിൽ അടിമുടി മാറ്റം ഉണ്ടാകും. കൃത്യമായ അലൈൻമെന്റ് പുറത്തുവിട്ടില്ലെങ്കിലും കരിയാട് പുതുശ്ശേരിപള്ളി – പുളിയനമ്പ്രം പുതിയ റോഡ് മൂന്നങ്ങാടി/ഒലിപ്പിൽ മേഖലകളും മേക്കുന്ന്-പൂക്കോം പാനൂർ ടൗണുകളും കൂടാതെ ചമ്പാട് കതിരൂർ മേഖലയും പുതിയ അലൈൻമെന്റിൽ ഉൾപ്പെടും.
അതേസമയം പുതുച്ചേരി സർക്കാറിൽ സമ്മർദ്ദം ചെലുത്താനുള്ള നടപടികളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കൃത്യമായ അലൈൻമെന്റ് പുറത്തു വിടാത്തതിൽ ജനങ്ങൾ ആകെ ആശങ്കയിലാണ്. കെ റെയിൽ പദ്ധതി മാറുമ്പോൾ ജലപാത അലൈൻമെന്റിലും മാറ്റങ്ങൾ വരത്തേണ്ടി വരും.