തലശ്ശേരി :സംസ്ഥാന സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ മാത്തമാറ്റിക്‌സ് ബ്ലോക്കും നവീകരിച്ച മെൻസ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനായി സ്‌കിൽ ഇൻഫ്രാ സ്‌ട്രക്ചർ ഇക്കോസിസ്റ്റം സ്‌കിൽ പാർക്കുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 25 ഏക്കർ ഭൂമിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്ക് പാർക്കിൽ സൗകര്യമൊരുക്കും. 350 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.
പ്രധാന സർവകലാശാലകൾക്ക് കീഴിൽ പുതുതായി 1500 ഹോസ്റ്റൽ മുറികൾ നിർമിക്കും. ബ്രണ്ണൻ കോളജിൽ 5.70 കോടി ചെലവിലാണ് ഗണിത ശാസ്ത്ര വിഭാഗത്തിനായി മൂന്നുനില കെട്ടിടം നിർമിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സീമ തുടങ്ങിയവർ പങ്കെടുത്തു.