പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി ത്രിദിന സ്ത്രീപക്ഷ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.
25, 26, 27 തീയതികളിൽ പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകീട്ട് 6.30ന് നടക്കുന്ന ചലച്ചിത്ര മേളയിൽ മലയാളം ഉപശീർഷകങ്ങളോടെയാണ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഗ്രെറ്റ ഗെർവിഗ് സംവിധാനംചെയ്ത 'ലിറ്റിൽ വിമൻ' ആണ് ഉദ്ഘാടന ചിത്രം. ഓസ്‌കാർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സ്വത്വത്തെ സംബന്ധിച്ച അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ്.
രണ്ടാം ദിവസം റ്റോഡ് ഹായ്‌നെസ് സംവിധാനം ചെയ്ത 'കാരൾ' എന്ന ചിത്രം പ്രദർശിപ്പിക്കും. മേളയുടെ അവസാന ദിവസം ഷാൻ മാർക് വാലി സംവിധാനം ചെയ്ത 'വൈൽഡ്' എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. അമേരിക്കയിലെ കാസ്‌കേഡ് മലനിരകളിലൂടെ ഏകയായി 1770 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഷെറിൽ റെയ്ഡിന്റെ അതിസാഹസികമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.