കാഞ്ഞങ്ങാട്: വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാരംഭിച്ച സ്വകാര്യ ബസ് പണിമുടക്ക് ഇന്നലെയും തുടർന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. പനത്തടി സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥിനി ബസിൽ കയറുന്നതിനിടെ ജീവനക്കാരൻ വാതിലടച്ചതിനാൽ കാലിനു പരിക്കേറ്റിരുന്നു. ഈ സംഭവമാണ് രണ്ടു ദിവസം ഈറൂട്ടിലെ യാത്രക്കാരെ പെരുവഴിയിലാക്കിയത്.
വിഷയത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇരിയയിൽ ബസ് ജീവനക്കാരെ കൈയേറ്റത്തിന് മുതിർന്നു. അതോടെയാണ് പ്രശ്‌നം സങ്കീർണമായത്. ഇതിനുപിന്നാലെ ചില ജീവനക്കാർ കോളേജ് പരിസരത്ത് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ജീവനക്കാരുടെ ഫോൺ നമ്പർ വിദ്യാർത്ഥികൾ ബസ് ജീവനക്കാരോട് ചോദിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വീണ്ടും സംഘർഷത്തിലെത്തിയത്.
വിദ്യാർത്ഥികൾ തങ്ങളെ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്നാരോപിച്ചാണ് ചൊവ്വാഴ്ച സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങിയത്. ഇന്നലെ രാവിലെ ചർച്ച ചെയ്ത് പരിഹരിച്ചതിനു ശേഷമാണ് വീണ്ടും പ്രശ്‌നങ്ങൾ ഉടലെടുത്തത്. അതേസമയം മിന്നൽ സമരത്തെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. അതേസമയം യൂണിയൻ പോലും അറിയാതെയാണ് ഏതാനും തൊഴിലാളികൾ പണിമുടക്കിനിറങ്ങിയതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ടാക്കിയാണ് സമരത്തിനു നേതൃത്വം നൽകിയതെന്ന് പൊലീസ് പറയുന്നു.