chalakkara
ഇല്ലാതാവുന്ന ചാലക്കര ഐ.എസ്.എം. ഡിസ്പെൻസറി

മാഹി: നാല് പതിറ്റാണ്ടിലേറെയായി ചാലക്കരയിൽ പ്രവർത്തിച്ചു വരുന്ന മാഹിയിലെ ആദ്യത്തെ സർക്കാർ അയുർവേദ ഡിസ്‌പെൻസറി പള്ളൂരിലേക്ക് മാറ്റി സ്ഥാപിക്കാൻ നീക്കം. പുതുച്ചേരി സംസ്ഥാനത്തെ ഏക ഐ.എസ്.എം ഡിസ്‌പെൻസറിയാണിത്. മയ്യഴിയിലേയും സമീപ പ്രദേശങ്ങളിലേയും ആയിരക്കണക്കായ രോഗികളുടെ ആശ്രയ കേന്ദ്രം കൂടിയാണ് ഈ ഡിസ്‌പെൻസറി.
ചില തൽപരകക്ഷികളുടെ താൽപര്യമാണ് പള്ളൂരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കമെന്നറിയുന്നു. ഒരു കാരണവശാലും ഈ സ്ഥാപനം ഇവിടെ നിന്നു മാറ്റാൻ നാട്ടുകാർ അനുവദിക്കില്ലെന്ന് കർമ്മവേദി സെക്രട്ടറി എം.വി.എ ഗഫൂർ പറഞ്ഞു. ചാലക്കര ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാനായി ഭൂമി എറ്റടുക്കാനും പിന്നീട് കെട്ടിടം നിർമ്മിക്കാനും അഹോരാത്രം പ്രവർത്തിച്ച നേതാവായിരുന്നു അയൽവാസി കൂടിയായ മുൻ പുതുച്ചേരി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരൻ. അദ്ദേഹത്തിന്റെ സ്മാരകം കൂടിയാണ് ഈ ഡിസ്‌പെൻസറി കെട്ടിടം. കഴിഞ്ഞ നാൽപത് കൊല്ലത്തിലധികമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തെ ഇവിടെ നിന്നും മാറ്റി പകരം റഫറൽ ആശുപത്രിയാക്കാനാണ് നീക്കമെന്നറിയുന്നു.

ആയുർവേദ മെഡിക്കൽ കോളേജ് കെടുകാര്യസ്ഥതയുടെ പര്യായം
അതേസമയം ചാലക്കര വട്ടോത്ത് കുന്നിൽ പ്രവർത്തിക്കുന്ന ആയുഷിന്റെ കീഴിലുള്ള ആയുർവേദ മെഡിക്കൽ കോളേജ് കെടുകാര്യസ്ഥതയുടെ പര്യായമായിരിക്കുകയാണ്. മരുന്നു തടികൾ പൊടിക്കുന്ന കോപ്പർ മെഷീൻ തകരാറിലായിട്ട് വർഷങ്ങളായി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അമ്മി, ഗുളിക പോളീഷ് ചെയ്യുന്നതും, രൂപം കൊടുക്കുന്നതുമായ മെഷീൻ, പൊടിക്കുന്ന മെഷീൻ എന്നിവ വാങ്ങിയിട്ട് അഞ്ച് വർഷത്തിലേറേയായെങ്കിലും പ്രവർത്തന യോഗ്യമല്ല.
ഇത് മൂലം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് മരുന്നു നിർമ്മാണം പഠിക്കാനോ, ഇവിടെയെത്തുന്ന രോഗികൾക്ക് മരുന്നു നൽകാനോ കഴിയുന്നില്ല. ഇതൊക്കെ അറിയാവുന്നവർ മൗനം നടിക്കുന്നു. ഇവിടെ ജോലി ചെയ്യുന്ന ചില ഡോക്ടർമാരും ജീവനക്കാരും മിക്ക ദിവസങ്ങളിലും എത്താറില്ല. പിറ്റേദിവസം ഹാജർ പട്ടികയിൽ ഒപ്പ് വെക്കുകയാണ് പതിവത്രെ. ജോലി ചെയ്യുന്ന സ്ഥാപനത്തോട് ഒരു മമതയും ഇല്ലാത്ത ഒരു വിഭാഗം ഡോക്ടർമാർ ഈ സ്ഥാപനത്തെ നാശോൻ മുഖമാക്കുകയാണെന്ന പരാതി ഉയർന്നിട്ടുണ്ട്.

ഡിസ്പെൻസറി മാറ്റുക എന്നത് എ.വി.എസിനോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഡിസ്‌പെൻസറി നിലനിർത്താനായി, വേണ്ടിവന്നാൽ നാട്ടുകാരെ പങ്കെടുപ്പിച്ചു കൊണ്ടു പ്രക്ഷോഭം സംഘടിപ്പിക്കും.

എ.വി.എസ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം. ശ്രീജയൻ