തളിപ്പറമ്പ്: പട്ടുവത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുവെന്ന് പട്ടുവം ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 350 ഓളം വീടുകളിൽ മാസങ്ങളായി ജപ്പാൻ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ ആദ്യവാരം മുതൽ ആർ.ഡി ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂത്താട്ട്, പടിഞ്ഞാറേച്ചാൽ, പട്ടുവം കടവ്, വെളിചാങ്കീൽ, ഇടമുട്ട് എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷം.

പഞ്ചായത്തിന്റെ ഈ ഭാഗങ്ങളെല്ലാം പുഴയോട് ചേർന്ന് നിൽക്കുന്നതിനാൽ കിണറുകളിൽ ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലമാണ് ഇവരുടെ ഏക ആശ്രയം. പൊട്ടിയ പൈപ്പ്ലൈൻ യുദ്ധ കാലാടിസ്ഥാനത്തിൽ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെക്കാഡം ടാർ ചെയ്ത റോഡിൽ പൈപ്പ് പൊട്ടിയാൽ പി.ഡബ്‌ള്യു.ഡിയുടെ അനുമതിക്കായി 15 ദിവസം മുതൽ മൂന്ന് മാസം വരെയാണ് കാത്തിരിക്കുന്നത്.

മുള്ളൂൽ അധികാരക്കടവ് മുതൽ കൂത്താട്ട് സമുദായ സംഘം ഓഫീസ് വരെ പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ച് നിലവിലുള്ള പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് കൂത്താട്ട് ഇടുപ്പ മുതൽ കടുക്കുന്ന് വരെ കുടിവെള്ള ക്ഷാമം പരിഹരിക്കണം. വെള്ളിക്കീൽ ജംഗ്ഷൻ മുതൽ പട്ടുവം കുഞ്ഞിമതിലകം വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതുമൂലം പടിഞ്ഞാറേച്ചാൽ, വെളിച്ചാങ്കീൽ, പട്ടുവം കടവ് ഇടമൂട്ട് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കും. ചെയർമാൻ രാജീവൻ കപ്പച്ചേരി, പഞ്ചായത്തംഗങ്ങളായ ടി. പ്രദീപൻ, ഇ. ശ്രുതി, സമിതി ഭാരവാഹികളായ കെ. ചന്ദ്രൻ, കെ.വി. ശരീഫ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.