കണ്ണൂർ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തിയെങ്കിലും മിക്ക റൂട്ടുകളിലും ജനം വലഞ്ഞു. മലയോര മേഖലയിലെയും മറ്റും യാത്രക്കാരാണ് ഏറേ പ്രതിസന്ധിയിലായത്. നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 700 ഓളം ബസുകളാണ് പണിമുടക്കിയത്. ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർത്ഥികളെയും സമരം ബാധിച്ചു.
മിനിമം ചാർജ്ജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഇന്നയിക്കുന്നത്. കെ.എസ്.ആർ.ടി.സി പല ഭാഗങ്ങളിലേക്കും സർവീസ് നടത്തിയില്ലെന്ന ആക്ഷേപവുമുയർന്നു. നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് അധിക ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. കണ്ണൂർ -കോഴിക്കോട്, കണ്ണൂർ- ഇരിട്ടി, കണ്ണൂർ- കാസർകോട്, കണ്ണൂർ -കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളുണ്ടായിരുന്നുവെങ്കിലും വലിയ തിരക്കായിരുന്നു.