kottathalachi

ചെറുപുഴ: മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ തനിമയുമുള്ള കുന്നുകൾ, തുഴയെറിഞ്ഞ് പുഴയെയറിയാൻ വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, കോടമഞ്ഞ് മറച്ചുപിടിച്ച കുളിരുള്ള പ്രഭാതത്തിലുണരുന്ന തനി നാട്ടുമലയോര ഗ്രാമങ്ങൾ.... കണ്ണൂർ – കാസർകോട് ജില്ലയുടെ മലയോരക്കാഴ്ചകളുടെ ഭംഗി കാണാൻ വഴിയൊരുക്കി ഹിൽ ടോപ് ആൻഡ് ഇക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി യാഥാർത്ഥ്യമായി. കൊവിഡിനെ തുടർന്ന് ആളൊഴിഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രൗഡിയും പ്രതാപവും വീണ്ടെടുക്കാനുള്ള നടപടി കൂടിയാണിത്.

ചെറുപുഴ, പെരിങ്ങോം–വയക്കര, കാങ്കോൽ –ആലപ്പടമ്പ്, എരമം–കുറ്റൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 'സ്‌നോ ഫോറസ്റ്റ്, പശ്ചിമഘട്ടത്തിലേയ്ക്ക് വരൂ...'എന്നാണ് സൊസൈറ്റിയുടെ പ്രചാരണവാക്യം. ചൂരൽ വെള്ളച്ചാട്ടം, വയക്കര വയൽ, കൊട്ടത്തലച്ചി, താബോർ, ജോസ്ഗിരി, തിരുനെറ്റി, തെരുവമലകൾ, മീന്തുള്ളി, പെരുന്തടം വെള്ളച്ചാട്ടങ്ങൾ, തേജസ്വിനിയിലെ വാട്ടർ റാഫ്റ്റിംഗ് തുടങ്ങിയ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

ഓരോ പഞ്ചായത്തിലും വിനോദസഞ്ചാര കേന്ദ്രം

ഓരോ പഞ്ചായത്തിലും ഒരോ വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തോടടുക്കുകയാണ് കണ്ണൂർ . പി. എ. മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതോടെ ആദ്യം ഏറ്റെടുത്ത പ്രധാന പദ്ധതികളിലൊന്നായിരുന്നു. ഗ്രാമങ്ങളിലേക്ക് വിദേശ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യം വച്ചാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തുകൾ ടൂറിസം കേന്ദ്രങ്ങൾ നിർണയിച്ച് പദ്ധതി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചിരുന്നു. ഇത് ജില്ലാ പഞ്ചായത്ത് വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി. ടൂറിസം കേന്ദ്രത്തിലെ കാഴ്ചകൾ, സമീപത്തെ തീർഥാടന കേന്ദ്രങ്ങൾ, വാഹന റൂട്ട് എന്നിവയടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ. ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത്. മുപ്പതെണ്ണത്തിന്റെ റിപ്പോർട്ടാണ് ടൂറിസം വകുപ്പിന് സമർപ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇവ ഒരുങ്ങുകയാണ്

കതിരൂർ പൊന്ന്യം ഏഴരക്കണ്ടം, ധർമടം പഞ്ചായത്തിലെ ധർമ്മടം തുരുത്ത്, കൊളച്ചേരിയിലെ നണിയൂർ കല്ലിട്ടകടവ്, പെരളശേരി ചെറുമാവിലായി പുഴയോരം, മയ്യിൽ മുല്ലക്കൊടിയിലെ നണിശേരിക്കടവ്, മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, പാപ്പിനിശേരി ഭഗത്‌സിങ് ദ്വീപ്, നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ്, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ്, ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപ്, കിരാത്ത്, പേരാവൂരിലെ മയിലാടുംപാറ, ചപ്പാരപ്പടവിലെ തടിക്കടവ് പന്ത്രണ്ടാംചാൽ പക്ഷിസങ്കേതം തുടങ്ങി അമ്പതോളം പദ്ധതികൾ വിനോദസഞ്ചാര ഭൂപടത്തിലേക്ക് ഇടം പിടിക്കാൻ ഒരുങ്ങുകയാണ്.