പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ 104 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുവരുന്ന കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് സർവ്വീസ് ലൈൻ, ട്രെഞ്ച് വർക്ക് (പ്ലംബിംഗ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ) പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസക്കാലം ആശുപത്രി പ്രവർത്തനങ്ങളിൽ ചില വിഭാഗങ്ങളിൽ പൂർണ്ണമായും മറ്റ് ചിലതിൽ ഭാഗികമായും തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
നാളെ മുതൽ മേയ് 26 വരെ രണ്ട് മാസക്കാലത്തേക്ക് നിലവിലുള്ള ഒ.പി, ഐ.പി, ഓപ്പറേഷൻ തീയേറ്റർ ബ്ലോക്കുകൾ എന്നിവയിൽ പൂർണ്ണമായും റ്റ് വിഭാഗങ്ങളിൽ ഭാഗികമായുമാണ് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത്. ഇത് കാരണം രോഗികൾക്കുണ്ടാകാനിടയുള്ള പ്രയാസങ്ങൾ പരമാവധി ലഘൂകരിക്കുവാൻ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൽക്കാലികമായി താഴെ പറയും പ്രകാരമുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാഷ്വാലിറ്റി, ഡ്രെസ്സിംഗ് റൂം , നിരീക്ഷണ മുറികൾ, ലാബ് എന്നിവ നിലവിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേ വാർഡിന്റെ രണ്ട് നിലകളിലായാണ് പ്രവർത്തിക്കുക. സ്പെഷ്യാലിറ്റി ഒ.പി.കൾ താലൂക്ക് ആശുപത്രിക്ക് സമീപത്ത് തന്നെയുള്ള ശ്രദ്ധ ആശുപത്രിയിലായിരിക്കും പ്രവർത്തിക്കുക.
ഗൈനക്കോളജി, സർജ്ജറി വിഭാഗം ഒ.പികൾ ശ്രദ്ധ ആശുപത്രിയിലായി ക്രമീകരിച്ചിട്ടുള്ള ഇടങ്ങളിലും, ഗൈനക്കോളജി, എമർജൻസി സിസേറിയൻ ഉൾപ്പെടെ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡയാലിസിസ്, വിമുക്തി ഡീ അഡിക്ഷൻ സെന്റർ, ഫാർമസി, എ.സി.ആർ. ലാബ്, എക്സ് റേ, ദന്തരോഗ വിഭാഗം, കുട്ടികൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പ്, കൊവിഡ് വാക്സിനേഷൻ, പാലിയേറ്റീവ് ഒ.പി, മാനസിക ആരോഗ്യ ക്ലിനിക്ക് , സി.ഡി.എം.ആർ.പി എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നിലവിലുള്ളത് പോലെ തുടരും.
ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി അടക്കം യോഗം ചേർന്ന് വിവിധ തലങ്ങളിൽ ചർച്ച നടത്തി , രോഗികൾക്കുണ്ടാകിനിടയുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറച്ച് കൊണ്ടാണ് ആശുപത്രി പ്രവർത്തനങ്ങൾക്ക് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.