akg
ചെറുമാവിലായി എ.കെ.ജി വായനശാല

കണ്ണൂർ: 1939 ൽ പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനം നടക്കുമ്പോൾ അതിന് തൊട്ടടുത്ത അഞ്ചരക്കണ്ടി പുഴയ്ക്ക് ഇപ്പുറമുള്ള ചെറുമാവിലായിയെന്ന ഗ്രാമത്തിൽ ഒളിവിൽ താമസിച്ചിരുന്ന നേതാക്കളാണ് അതിനുചുക്കാൻ പിടിച്ചത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നിരവധി നേതാക്കൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട് ഈ ഗ്രാമത്തിൽ. അതുകൊണ്ടുതന്നെ എ.കെ.ജിയുടെ ജന്മനാടായ പെരളശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറുമാവിലായി ഗ്രാമത്തിന് ഒട്ടേറെ രാഷ്ട്രീയ സഹനകഥകൾ പറയാനുണ്ട്.

1940കളിൽ ബ്രിട്ടീഷ് പൊലീസ് വേട്ടയാടുന്ന കാലത്ത് അന്നത്തെ കമ്യൂണിസ്റ്റ് നേതാവായ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒളിവിൽ കഴിഞ്ഞത് ഇവിടെ നള്ളക്കണ്ടി പൊക്കന്റെ വീട്ടിലായിരുന്നു. ഇ.എം.എസിന് അന്ന് പത്രങ്ങൾ വായിക്കാൻ വേണമായിരുന്നു. ഹിന്ദുവടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങൾ ഇ.എം.എസിന് എത്തിച്ചുകൊടുത്താൽ പൊലീസ് പിടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. കാരണം അന്ന് ആ നാട്ടിൽ ഇംഗ്ലീഷ് പത്രം വായിക്കുന്ന ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് പത്രമെത്തിക്കുകയെന്നത് സാഹസിക പ്രവൃത്തിയായാണ് കണക്കാക്കിയിരുന്നത്.
ഇതിന് പി. കൃഷ്ണപിള്ളയാണ് ഒരു ഉപായം കണ്ടെത്തിയത്. ചെറുമാവിലായിയിൽ വി.കെ ബാപ്പു നൽകിയ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ വായനശാല തുടങ്ങുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതേ തുടർന്നാണ് 1942ൽ ചെറുമാവിലായിയിൽ പൊതുജന വായനശാല തുടങ്ങുന്നത്. പിന്നീട് ഈ വായനശാലയിൽ നിന്നാണ് ഇ.എം.എസിന് പത്രമെത്തിച്ചത്. അന്ന് പ്രദേശത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളായ പി.കെ കുഞ്ഞിരാമൻ മാസ്റ്റർ, അദ്ദേഹത്തിന്റെ അനുജൻ വി.കെ രാഘവൻ എന്നിവരായിരുന്നു രാത്രി വായനശാല പൂട്ടിപ്പോകുമ്പോൾ ആരുമറിയാതെ ഇ.എം.എസിന് പത്രമെത്തിച്ചിരുന്നത്. പിന്നീട് എ.കെ.ജിയുടെ മരണത്തിനുശേഷം എ.കെ.ജി വായനശാലയായി പൊതുജനവായനശാല മാറി.


ഒരുകാലഘട്ടത്തെ ചരിത്രം പറയുന്ന വായനശാലയാണിത്. കഴിഞ്ഞ 40 വർഷക്കാലം വി.കെ രാഘവേട്ടനായിരുന്നു പ്രസിഡന്റ്. ഇപ്പോഴും നാടിന്റെ എല്ലാവിഷയങ്ങളിലും ഇടപെടാൻ വായനശാലയ്ക്കു കഴിയുന്നുണ്ട്.
പി.വി ദാസൻ (സെക്രട്ടറി, ചെറുമാവിലായി എ.കെ.ജി വായനശാല)