
53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടി
കണ്ണൂർ: പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഏപ്രിൽ 1 ന് റെഡ് ഫ്‌ളാഗ് ഡേയായി ആചരിക്കും. അന്നേ ദിവസം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് മരിച്ച് വീണ തലശ്ശേരി ജവഹർഘട്ടിൽ നിന്നും കണ്ണൂർ കാൽടെക്‌സിലെ എ.കെ.ജി പ്രതിമ വരെ 23 കീലോമീറ്റർ നീളത്തിൽ ദേശീയപാതയിൽ തുടർച്ചയായി റെഡ് ഫ്‌ളാഗ് ഉയർത്തിപ്പിടിക്കുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ഇതിന് പുറമെ കരിവെള്ളൂർ രക്തസാക്ഷി സ്മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കു ചെറുകല്ലായി രക്തസാക്ഷി കവാടം വരെ 53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തിക്കൊണ്ട് ജനങ്ങൾ അണിനിരക്കും. ഫലത്തിൽ ചങ്ങല പോലെയായിരിക്കും ആ പരിപാടി.
ഇത്രയും നീളമുള്ള കൊടി ഉയർത്തിപ്പിടിച്ച മറ്റൊരു പരിപാടിയും രാജ്യത്ത് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരിപാടി ചരിത്ര സംഭവമായി മാറും. പരിപാടിയിൽ പാർട്ടി നേതാക്കളും, പ്രവർത്തകരും, ജനങ്ങളും അണിനിരക്കുമെന്ന് ജയരാജൻ പറഞ്ഞു.
മാർച്ച് 29 കയ്യൂർ രക്തസാക്ഷിദിനത്തിലാണ് പതാകദിനമായി ആചരിക്കുന്നത്. ജില്ലാ, ഏരിയാ,ലോക്കൽ, ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാർട്ടി ഘടകങ്ങളുടെ കേന്ദ്രങ്ങളിലും പാർട്ടി മെമ്പർമാരുടെയും, അനുഭാവി ഗ്രൂപ്പ് മെമ്പർമാരുടെയും വീടുകളിൽ ചെങ്കൊടി ഉയർത്തും. വീടുകളിൽ രാവിലെ 7 മണിക്കും, മറ്റ് കേന്ദ്രങ്ങളിൽ 8 മണിക്കുമായിരിക്കും പരിപാടി.മാർച്ച് 27 ന് രാവിലെ 6 മണി മുതൽ പൊതുസമ്മേളന നഗരിയായ കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ട് പാർട്ടി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തും.
30, ഏപ്രിൽ 3 തീയ്യതികളിൽ കണ്ണൂരിൽ വിളംബര ജാഥ സംഘടിപ്പിക്കും.26 സെമിനാറുകളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 15 സെമിനാറുകളും ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ചിലയിടങ്ങളിൽ ബഹിഷ്‌കരണ ആഹ്വാനം നടത്തിയ രാഷ്ട്രീയ പാർട്ടിയുടെ അണികളും പങ്കെടുത്തിരുന്നതായും ജയരാജൻ പറഞ്ഞു.