കൂത്തുപറമ്പ്: 189,38,57,628 രൂപ വരവും, 187,64,89,000 രൂപ ചെലവും 1,73,68,628 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് കൂത്തുപറമ്പ് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ ബഡ്ജറ്റ് അവതരിപ്പിച്ചു. അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകിയുള്ളതാണ് ബഡ്ജറ്റ്. അതോടൊപ്പം കാർഷിക മേഖല, പശ്ചാത്തല സൗകര്യം, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവക്കും മികച്ച പരിഗണന നല്കി.

നിർദ്ദിഷ്ട ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി 5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലും 100 കോടി രൂപ ബസ് സ്റ്റാൻഡിന് വേണ്ടി മാറ്റിവച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 1.40 കോടിയും, കുടിവെള്ള വിതരണത്തിന് 75 ലക്ഷവും, കാർഷിക മേഖലയുടെ വികസനത്തിന് 34 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന്റെ വികസനത്തിന് 10 ലക്ഷവും പുതിയ കളിസ്ഥലങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി 60 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. ചെയർപേഴ്സൺ വി. സുജാത അദ്ധ്യക്ഷയായി.