തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച നടത്തി തീരുമാനങ്ങൾ എടുക്കുകയും അവ നടപ്പിലാക്കി വരികയാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജല ഉപഭോഗം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ ആഴ്ചയിൽ വ്യത്യസ്ത ദിവസങ്ങളിലായി ജലം വിതരണം നിയന്ത്രിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ഇതിന്റെ ഭാഗമായി പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയാൽ പരിഹരിക്കുന്നതിനും ധാരണയായിട്ടുണ്ട്.

വെള്ളിക്കീൽ റോഡ് ജംഗ്ഷൻ മുതൽ കുഞ്ഞിമതിലകം വരെയുള്ള മെയിൻ ലൈനിലെ പഴയപൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് എം.എൽ.എ വഴി സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പട്ടുവം പടിഞ്ഞാറ് കൂത്താട്ട് പ്രദേശങ്ങളിൽ പൈപ്പ് ലൈൻ കിട്ടാത്ത വീടുകളിൽ ലൈൻ കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനവും മംഗലശ്ശേരി ജപ്പാൻ കുടിവെള്ള ടാങ്ക് മുതൽ പട്ടുവം റോഡ് വരെയുള്ള മെയിൻ പൈപ്പ് ലൈൻ ചോർച്ച ഒഴിവാക്കുവാൻ നിലവിലുള്ളവ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയും 2 ആഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. കാവുങ്കൽ, കുന്നരു, കിഴക്കേച്ചാൽ, നമ്പികുളത്ത് കാവ് തുടങ്ങി 6 ഓളം സ്ഥലങ്ങളിൽ പൊട്ടിയ പൈപ്പ് ലൈൻ റിപ്പർ ചെയ്ത് ചോർച്ച പരിഹരിച്ചിട്ടുണ്ട്.

ജനകീയ വികസന സമിതി എന്ന പേരിൽ ചില ആളുകൾ കുടിവെള്ളവുമായി ബന്ധപ്പെട്ട് നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും പാവപ്പെട്ടവർക്ക് വീട് നൽകുന്നതിനെ തടസ്സപ്പെടുത്തുന്നു എന്നുള്ള പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും പി. കുഞ്ഞികൃഷ്ണൻ, എം. സുനിത, പി.പി. സുകുമാരി, പി. ശ്രീമതി, പി.വി. രാജൻ തുടങ്ങിയവർ അറിയിച്ചു.