കണ്ണൂർ: വാട്ടർ സ്‌പോർട്‌സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റാൻ കഴിയുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂർ കയാക്കത്തോൺ 2022 ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കെ.ടി.ഡി.സി ലൂം ലാൻഡ് ഹോട്ടലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ രജിസ്‌ട്രേഷൻ മന്ത്രി ഉദ്ഘാടനം ചെയ്തു. എം.എൽ.എ മാരായ കെ.വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ലോഗോ ഏറ്റുവാങ്ങി.
ഏപ്രിൽ 24 നാണ് പറശിനിക്കടവ് ബോട്ട് ടെർമിനൽ മുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോമീറ്റർ ദൂരത്തിൽ ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നടത്തുക. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കാറ്റഗറി ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ, സ്ത്രീകൾ, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സിഡ് കാറ്റഗറിക്കും പ്രത്യേകം മത്സരം ഉണ്ടാകും.
50,000 രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്ക് ലഭിക്കുക. വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും നൽകും. ആന്തൂർ മുനിസിപ്പാലിറ്റിയിലൂടെയും നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കൽ, അഴീക്കോട്, വളപട്ടണം, മാട്ടൂൽ, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോൺ കടന്നുപോകും.
കെ.വി സുമേഷ് എം.എൽ.എ ചെയർമാനായും ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ജനറൽ കൺവീനറും ആയ സംഘാടക സമിതിയാണ് ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിപാടിയിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.സി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.