rias
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മാത്തിൽ സംഘടിപ്പിച്ച സെമിനാർ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ ഉള്ള തൊഴിലവസരങ്ങൾ പോലും ഇല്ലാതാക്കുന്ന നയമാണ് കേന്ദ്ര സർക്കാറിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മാത്തിലിൽ 'തൊഴിലിലായ്മയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സമീപനവും, എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് തൊഴിൽ ലഭിക്കേണ്ടുന്ന സ്ഥാപനങ്ങളെ ഒന്നൊന്നായി കേന്ദ്ര സർക്കാർ വിറ്റഴിക്കുന്നു. സംസ്ഥാന സരക്കാറാകട്ടെ വിൽപ്പനയ്ക്ക് വെക്കുന്ന അത്തരം സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നു. ഇതാണ് രണ്ട് നയങ്ങൾ തമ്മിലുള്ള വ്യത്യാസമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പാർടി കോൺഗ്രസിന്റെ ഭാഗമായി ഏരിയയിലെ മികച്ച സംഘാടക സമിതി ഓഫീസുകളായി തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങോം ലോക്കലിലെയും എരമം തെക്കേക്കര ബ്രാഞ്ചിലെയും ഓഫീസുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രാദേശിക രാഷ്ട്രീയ ചരിത്രം ഉൾപ്പെടുത്തി നിർമിച്ച ഹിസ്റ്ററി വാൾ ടി ഐ മധുസൂദനൻ എം.എൽ.എ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി .ടി.ജിസ്‌മോൻ, എ.കെ.രമ്യ,എം.ഷാജർ, മനു തോമസ്,സരിൻ ശശി തുടങ്ങിയവർ സംസാരിച്ചു. സി സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. പി ശശിധരൻ സ്വാഗതം പറഞ്ഞു.