തളിപ്പറമ്പ്: സർവ്വ മേഖലയെയും സ്പർശിക്കുന്ന പദ്ധതികളുമായി തളിപ്പറമ്പ് നഗരസഭ ബഡ്ജറ്റ്. നഗരസഭാ കോംപൗണ്ടിൽ ടൗൺ ഹാളിന് മാറ്റിവച്ച സ്ഥലത്ത് ഷോപ്പ് മുറികളും കോൺഫറൻസ് ഹാളും പണിയാൻ 5 കോടി രൂപ നീക്കിവച്ചു. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ പുതിയ സ്റ്റാൻ‌ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ 3 കോടി രൂപയും വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അവതരിപ്പിച്ച ബഡ്ജറ്റിൽ വകയിരുത്തി.

നഗരസഭാ ഓഫീസ് രണ്ടാംഘട്ട നവീകരണത്തിന് 60 ലക്ഷം, താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിനായി 70 ലക്ഷം, ജീവനക്കാരുടെ പരിശീലനത്തിന് 2 ലക്ഷം, മെയിൻ റോഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സിന് 10 ലക്ഷം, നഗരത്തിലെ പ്രധാന വീഥികൾ സൗന്ദര്യവൽക്കരിക്കാനും ഇന്റർലോക്ക് ചെയ്യാനും 25 ലക്ഷം, ചിറവക്കിൽ ട്രാഫിക് സിഗ്നൽ - 10 ലക്ഷം, കാക്കാത്തോട് - പ്ലാസ ജംഗ്ഷൻ റോഡിന് 20 ലക്ഷം, പുഷ്പഗിരിയിൽ സ്പോർട്സ് ഹബ്ബിന് - 25 ലക്ഷം, കാക്കാത്തോട് ഡ്രൈനേജ് -2 കോടി, സി.സി ടി.വി.കാമറകൾ സ്ഥാപിക്കാൻ 10 ലക്ഷം, താലൂക്ക് ആശുപത്രിയുടെ പശ്ചാത്തല വികസനത്തിന് 70 ലക്ഷം, ഡയാലിസിസ് സെന്ററിന്റെ ശേഷി 36 ൽ നിന്ന് 72 ആയി ഉയർത്താൻ 80 ലക്ഷം, മുഴുവൻ നികുതി ദായകർക്കും തുണി സഞ്ചി നൽകുന്നതിന് 10 ലക്ഷം, ബഡ്സ് സ്കൂൾ നിർമ്മാണത്തിന് 35 ലക്ഷം ഇങ്ങനെയും തുക വകയിരുത്തി.

വരുമാനം വർദ്ധിപ്പിക്കുന്നതിന് നിലവിൽ ഫീസ് ഈടാക്കാത്ത സാക്ഷ്യപത്രങ്ങൾക്ക് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാനും പരസ്യബോർഡുകൾ സ്ഥാപിക്കാൻ പെർമിറ്റ് ഫീസ് ഈടാക്കാനും തീരുമാനിച്ചു. 76,44,13,532 രൂപ വരവും 62,93,70,500 രൂപ ചെലവും 13,50,43,032 രൂപ നീക്കിയിരിപ്പുമുണ്ടാകും. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. എം. ഷബിത, ഒ. സുഭാഗ്യം, പി. റജില, സി.വി. ഗിരീശൻ, കെ. നബീസ ബീവി, ഡി. വനജ, കെ. വത്സരാജൻ, കെ.എം. ലത്തീഫ്, പി.പി. മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.