തൃക്കരിപ്പൂർ: പശ്ചാത്തലം, ഉത്പാദനം, സേവന മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന വലിയപറമ്പ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. വൈസ് പ്രസിഡന്റ് പി.ശ്യാമള അവതരിപ്പിച്ചു.

പശ്ചാത്തല മേഖലയിൽ 1,47,11,000 രൂപയും ഉത്പാദന മേഖലയിൽ 46,08,000 രൂപയും സേവന മേഖലയിൽ 5,87,42000 രൂപയും നീക്കിവച്ചിട്ടുണ്ട്. റോഡ് മെയിന്റനൻസിനായി 52,34,000 രൂപയും ബഡ്ജറ്റിൽ വകയിരുത്തി. ലൈഫ് ഭവന നിർമ്മാണത്തിന് 52 ​​ലക്ഷം, പുലിമുട്ടിൽ ടേക്ക് എ ബ്രേക്ക് (ടോയ്‌ലറ്റ്, കോഫി ഷോപ്പ്, പാർക്കിംഗ്) സംവിധാനം ഒരുക്കും.

പഞ്ചായത്തിൽ വരാതെ പൊതുജനങ്ങൾക്ക് വീട്ടിലിരുന്ന് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. വലിയപറമ്പയുടെ മുഖച്ഛായ മാറ്റുന്ന മാസ്റ്റർപ്ലാൻ തയ്യാറാക്കും. എല്ലാ വാർഡുകളിലും തെരുവുവിളക്ക് പൂർണ്ണമായും സ്ഥാപിക്കാൻ പദ്ധതി വിഭാവനം ചെയ്തു. കുടിവെള്ള വിതരണത്തിന് നൂതന മാർഗ്ഗങ്ങൾ അവലംബിക്കും. വനിതാ ശാക്തീകരണത്തിന് കൂടുതൽ പദ്ധതികൾ നടപ്പാക്കും. പഞ്ചായത്ത് ഓഫീസ് രജതജൂബിലി മന്ദിരം അടുത്ത വർഷം പൂർത്തീകരിക്കും.

ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയാൻ വിപുലമായ പദ്ധതി ആവിഷ്കരിക്കും. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന വലിയപറമ്പ പാലത്തിനു സമീപം പാർക്കിംഗ് കേന്ദ്രം സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ പൊതു റോഡുകളും കുളങ്ങളും തോടുകളും നവീകരണം നടത്തും.

പഞ്ചായത്തിനെ ജൈവ വൈവിധ്യ പഞ്ചായത്താക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കും. പ്രാദേശിക ജൈവ വൈവിധ്യ ഹെറിറ്റേജ് സൈറ്റാക്കി ഇടയിലെക്കാട് കാവിനെ പ്രഖ്യാപിക്കും. വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാനം വർദ്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു.