-സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് 1,00,80,000 രൂപ
-സ്ത്രീകൾക്കായുള്ള നൂതന പദ്ധതികൾക്ക് 35 ലക്ഷം
-അങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിന് 22 ലക്ഷം.
-ഗ്രാമീണ റോഡുകൾക്കായി ഒരു കോടി.
കാഞ്ഞങ്ങാട്: 41.19 കോടി വരവും അത്രയും തന്നെ ചിലവും വരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പു വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത അവതരിപ്പിച്ചു.
ക്ഷീരകർഷകർക്കുള്ള സബ്‌സിഡിക്കായി 5 ലക്ഷവും പാലിന് സബ്‌സിഡിക്കായി 20 ലക്ഷവും തീറ്റപ്പുൽകൃഷിക്കായി 2 ലക്ഷവും നീക്കിവച്ച ബഡ്ജറ്റിൽ മൊബൈൽ വെറ്റിനറി ക്ലിനിക്കിന്റെ തുടർപ്രവർത്തനങ്ങൾക്കായി 12 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി സ്‌കോളർഷിപ്പിനായി 22 ലക്ഷവും മാറ്റിവച്ചു. ഡയാലിസിസ് കേന്ദ്രത്തിന് ബ്ലോക്ക് വിഹിതമായി 15 ലക്ഷം നൽകും. അമൃതകിരണം സെക്കൻഡറി പാലിയേറ്റീവിനായി 8 ലക്ഷവും പെരിയ സി.എച്ച്.സിയിൽ മരുന്നു വാങ്ങുന്നതിനായി 15 ലക്ഷവും ദൈനംദിന പ്രവർത്തനങ്ങൾക്കായി 10 ലക്ഷവും നീക്കിവച്ചു.
ഗ്രാമീണ മേഖലയിൽ 50 പുതിയ റോഡുകളാണ് പണിയുന്നത്. ഇതിനായി ഒരു കോടി മാറ്റിവച്ചു. കുടിവെള്ള പദ്ധതിക്കായി 42.22 ലക്ഷവും ശുചിത്വ മാലിന്യ സംസ്‌കരണത്തിന് 42.22 ലക്ഷവും നീക്കിവച്ചു. ആർ.ആർ.എഫിന്റെ തുടർപ്രവർത്തനങ്ങൾക്ക് 26 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ ആലയി പരത്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കും. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ 47 ലക്ഷം മാറ്റിവച്ചു. കഴിഞ്ഞ ബഡ്ജറ്റിലെ മുഴുവൻ പദ്ധതികളും പൂർത്തിയാക്കിയതായി ബഡ്ജറ്റ് പ്രസംഗത്തിൽ ശ്രീലത പറഞ്ഞു. പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശോഭ, കെ. കുമാരൻ, കെ. പ്രീത തുടങ്ങിയവർ സംസാരിച്ചു. ചർച്ചകൾക്ക് ശേഷം ബഡ്ജറ്റ് അംഗീകരിച്ചു.
ഇക്കോ ടൂറിസം
ടൂറിസം മേഖലയിൽ ആലയി പരത്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കും. ഉദുമ കാപ്പിൽ ബീച്ചിൽ ആധുനിക ശുചിത്വ സമുച്ചയവും വിശ്രമ കേന്ദ്രവും സ്ഥാപിക്കാൻ 25 ലക്ഷം നീക്കിവച്ചിട്ടുണ്ട്