കാഞ്ഞങ്ങാട്: സ്വകാര്യ ബസ് സമരം രണ്ടു ദിവസം പിന്നിട്ടതോടെ സാധാരണക്കരുടെ യാത്രാദുരിതം ഇരട്ടിച്ചു. ഉൾനാടൻ മേഖലയിലെ യാത്രക്കാരാണ് ഏറെ വലഞ്ഞത്.
സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിൽ രാവിലെയും വൈകീട്ടും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും യാത്രക്കാർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. സ്വകാര്യ ബസ്സുകൾ പണിമുടക്കിയതോടെ ഡിപ്പോകളിൽ നിന്ന് നിലവിൽ സർവീസുള്ള ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ ഇവയുടെ ആനുകൂല്യം യാത്രക്കാർക്ക് കിട്ടുന്നില്ല. ബസ്സുകളുടെയും ജീവനക്കാരുടെയും കുറവ് കാരണം പുതിയ സർവീസുകൾ ആരംഭിക്കാനും കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല.
കെ.എസ്.ആർ.ടി.സി സർവീസിൽ അധികവും ടൗൺ ടു ടൗൺ പോലുള്ള ബസുകളായതിനാൽ ദീർഘദൂര യാത്രക്കാരെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. എന്നാൽ, ബസ്സുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത്തരം ബസുകളിൽ ചെറിയ ദൂരത്തിനും വൻതുക ഈടാക്കുന്നത് സാധാരണക്കാർക്ക് വൻ ബാധ്യത സൃഷ്ടിക്കുന്നുണ്ട്.
പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾ അമിത നിരക്ക് നൽകി യാത്രചെയ്യാൻ നിർബന്ധിതരാകുകയാണ്. സ്വകാര്യ ബസ്സുകൾ കൂടുതലായെത്തുന്ന ബസ് സ്റ്റാൻഡുകൾ ഒഴിഞ്ഞുകിടന്നു. എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് ബസ് സമരം ഒത്തുതീർപ്പാക്കണമെന്നാണ് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം. അവസരം മുതലാക്കി ഓട്ടോകൾ റെക്കോർഡ് സർവ്വീസുകളാണ് നടത്തുന്നത്.