കണ്ണപുരം: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 30 മുതൽ ഏപ്രിൽ ഒൻപതു വരെ നവീകരണകലശം നടക്കും. തുടർന്ന് ഏപ്രിൽ 14 മുതൽ 21 വരെ വിഷുവിളക്കുത്സവവും ആഘോഷിക്കും. നവീകരണ കലശത്തിനും വിഷുവിളക്കുത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി സേവാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള വട്ടപന്തൽ നിർമ്മാണവും പൂർത്തിയായി. 111 തേക്കിൻകാലുകളിൽ ഉയർന്ന വട്ടപ്പന്തൽ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആറായിരത്തോളം മടൽ മെടഞ്ഞ ഓലയും അത്രതന്നെ മുളയും വാരിയും കൊണ്ട് നിർമ്മിച്ച മനോഹരമായ വട്ടപ്പന്തലിന്റെ നിർമ്മാണം ക്ഷേത്രം സേവാസമിതിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
നവീകരണ കലശത്തിനും വിഷുവിളക്കുത്സവത്തിനും കൂടി ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നവീകരണ കലശത്തിന് തുടക്കംകുറിച്ച് 30ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം രണ്ട് ദിക്കിലും ആചാര്യവരണം. തുടർന്ന് മുളയിടൽ, പ്രസാദ ശുദ്ധി, അസ്ത്ര കലശപൂജ, എന്നിവ നടക്കും. തുടർന്ന് ഏപ്രിൽ ഒൻപതുവരെ രാവിലെ വിശേഷാൽ ചടങ്ങുകൾ ഉണ്ടായിരിക്കും.
നവീകരണ കലശത്തിന്റെ സമാപനദിവസമായ ഏപ്രിൽ ഒൻപതിന് ഒരുദിവസത്തെ ആനപ്പുറത്ത് എഴുന്നള്ളിക്കൽ ഉത്സവവും ഉണ്ടായിരിക്കും. തുടർന്ന് 14 മുതൽ വിഷുവിളക്കുത്സവത്തിന്റെ നാളുകളാണ്. 21ന് രാത്രി 10 മണിയോടെ കളത്തിലരിയും പാട്ടും ചടങ്ങോടെ ഉത്സവം സമാപിക്കും.
ക്ഷേത്ര സേവാസമിതി പ്രസിഡന്റ് എം.വി. വത്സൻ, സെക്രട്ടറി പി.കെ. പദ്മനാഭൻ നായർ, ട്രഷറർ കെ. രാജൻ, പ്രവർത്തകസമിതി അംഗങ്ങളായ ഒ. പ്രഭാകരൻ, വി.കെ. ഗംഗാധരൻ, പി.വി. ലക്ഷ്മണൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.