മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് വികസനത്തിന്റെ വഴിയിൽ. പുതിയ കെട്ടിട സമുച്ചയം വരുന്നതോടെ, നിലവിൽ 60 കിടക്കകളുള്ള ആശുപത്രിക്ക് 100 കിടക്കകൾ കൈവരും. ഇതോടൊപ്പം ഗേൾസ് ആൻഡ് ബോയ്‌സ് ഹോസ്റ്റലുകളും നിർമ്മിക്കും. പി.ജി. കോഴ്‌സുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്.
ആയുർവേദ ചികിത്സാ സൗകര്യം മയ്യഴിയിലെങ്ങും ലഭ്യമാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ചാലക്കരയിലെ ആയുർവേദ ഐ.എസ്.എം ഡിസ്പെൻസറി പന്തക്കലിലേക്ക് മാറ്റിയത്. അവിടെ നിലവിലുള്ള ആയുർവേദ യൂണിറ്റ് പള്ളൂരിലേക്കും മാറ്റിയിട്ടുണ്ട്. മാഹി ഗവ. ജനറൽ ആശുപത്രിയിലും ആയുർവേദ യൂണിറ്റുണ്ട്. ചാലക്കരയിൽ ഡിസ്പെൻസറി നിലനിന്ന കെട്ടിടത്തിൽ മെഡിക്കൽ കോളേജിന്റെ ഒ.പി.വിഭാഗം പ്രവർത്തിക്കും.
2016ൽ തന്നെ ചാലക്കരയിലെ സിസ്പെൻസറിയെ മെഡിക്കൽ കോളേജിന്റെ ഒ.പി.യാക്കി ഹെൽത്ത് സെക്രട്ടറി ഉത്തരവിട്ടിരുന്നു. നിലവിലുള്ള മെഡിക്കൽ കോളേജിന് പ്രത്യേക ഒ.പി.വിഭാഗം ഇല്ലെങ്കിൽ 2022-23 വർഷത്തിൽ അഫിലിയേഷൻ റദ്ദാക്കുമെന്ന് കേന്ദ്ര പരിശോധനാ സംഘം ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നാണ് അടിയന്തര സ്വഭാവത്തോടെ ഐ.എസ്.എം ഡിസ്പെൻസറി പന്തക്കലിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളേജിന്റെ 500 മീറ്റർ പരിധിക്കുള്ളിലുള്ള ഡിസ്പെൻസറിയിൽ കോളേജിന്റെ ഒ.പി.വിഭാഗം പ്രവർത്തിക്കും. ഇവിടെ ജനറൽ മെഡിസിൻ, പഞ്ചകർമ്മ, സർജ്ജറി, ഇ.എൻ.ടി, പീഡിയാട്രിക് ഗൈനക്കോളജി, പി.ആൻഡ് എസ്.എം, കാഷ്വാലിറ്റി എന്നീ വിഭാഗങ്ങൾ കാലത്ത് 9 മുതൽ ഉച്ചക്ക് 12 മണി വരെ പ്രവർത്തിക്കും.
ഗുണമേന്മയുള്ള മരുന്നുകൾ
മെഡിക്കൽ കോളേജിലെ മരുന്ന് നിർമ്മാണശാലയിൽ 50 ഇനം മരുന്നുകൾ ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. ഒരു വർഷത്തിനകം 20 ഇനം കൂടി നിർമ്മിക്കാനാവും. ഈ മരുന്നുകൾ ഒ.പിയിലും, വാർഡുകളിലുമുള്ള രോഗികൾക്ക് വിതരണം ചെയ്യും. നിർമ്മാണ കേന്ദ്രത്തിലെ വലിയ അമ്മി പ്രവർത്തിക്കണമെങ്കിൽ, പ്രത്യേക ട്രാൻസ്‌ഫോർമർ വേണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
63 വിദ്യാർത്ഥികൾക്കാണ് ഇവിടെ പ്രവേശനം. 2010 ൽ ആരംഭിച്ച കോളേജിൽ നിന്ന് 7 ബാച്ചുകൾ പഠനം പൂർത്തിയാക്കി.
ഓരോ ഒ.പി.യിലും മെഡിക്കൽ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ സേവനമനുഷ്ഠിക്കും. ഇത് മെഡിക്കൽ കോളേജിന്റെ റഫറൽ ആശുപത്രിയായി പ്രവർത്തിക്കും. ഒ.പി. വിഭാഗത്തിൽ രോഗികൾക്ക് മെച്ചപ്പെട്ട പരിശോധനകളും, മരുന്നും ലഭ്യമാക്കും. യാതൊരു ആശങ്കയ്ക്കും വകയില്ല.
പ്രിൻസിപ്പൽ ഡോ: കുബേർശംഘ്