പിലാത്തറ: തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവർത്തനം തുടങ്ങി. ജില്ലയിൽ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ചെറുതാഴം രാമപുരം പുഴയിൽ നടത്തുന്നതിന് ഗുണഭോക്താക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനകീയ കൺവെൻഷൻ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.
പുഴകളിൽ മണ്ണും ചെളിയും നിറയുകയും മാലിന്യ നിക്ഷേപത്താൽ നീരൊഴുക്ക് നിലച്ചു പോവുകയും ചെയ്തതിനാൽ മഴക്കാലത്ത് വെള്ളപൊക്കം, കൃഷിക്ക് ആവശ്യമായ ജലക്ഷാമം, കുടിവെള്ള പ്രയാസം, ഉപ്പുവെള്ളം കയറൽ തുടങ്ങി നിരവധി പ്രയാസങ്ങൾ അനുഭവിച്ചു വരികയാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 44 നദികളും അരിക് സംരക്ഷിച്ച് ചെളി നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് ജില്ലയിൽ ജനകീയ പങ്കാളിത്തത്തോടെയും യന്ത്ര സാമഗ്രികൾ ഉപയോഗിച്ചും ഏഴ് പുഴകൾ ശുചീകരിക്കാൻ സംസ്ഥാന സർക്കാർ ഇറിഗേഷൻ വകുപ്പ് മുഖേന പ്രാരംഭ പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് രാമപുരം പുഴ സംരക്ഷണത്തിനായി ഡി.പി .ആർ തയ്യാറാക്കുന്നതിനായി ബഡ്ജറ്റിൽ 10 ലക്ഷം നീക്കിവച്ചിട്ടുണ്ട്.
ചെറുതാഴം, ഏഴോം, മാടായി പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ രാമപുരം പുഴ ശുചീകരിക്കാനും ആഴം കൂട്ടി അരിക് സംരക്ഷണത്തിന് ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പുഴയിലേക്ക് പ്രവേശിക്കുന്ന കൈതോടുകൾ വൃത്തിയാക്കുന്നതിനും കുണ്ടം പാലം നിർമ്മിക്കുകയും ചെയ്താൽ ഉപ്പുവെള്ളം കയറുന്നത് തടയാനും കൃഷി അഭിവൃദ്ധിപ്പെടുത്താനും കഴിയും.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എം ശ്രീധരൻ ചെയർമാനും വി. രമേശൻ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു.