കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 'ചരിത്രം ഒരു സമരായുധം' എന്ന ചരിത്ര ചിത്ര ശിൽപ പ്രദർശനം നാളെ വൈകുന്നേരം അഞ്ച് മണിക്കും, അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ ഒന്നിന് വൈകുന്നേരം 5.30നും തുടങ്ങുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംഘാടക സമിതി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി.പി.എം പിബി അംഗങ്ങളായിരുന്ന കെ. വരദരാജൻ (തമിഴ്‌നാട്) നഗറിൽ ചരിത്ര ശിൽപ -ചിത്ര പ്രദർശനവും നിരുപംസെൻ (ബംഗാൾ) നഗറിൽ പുസ്തകോത്സവവും നടക്കും. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രദർശനം ചരിത്രകാരൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പത്തിന് സമാപിക്കും.
അറുപതോളം മലയാള പുസ്തക പ്രസാധകരും 20ഓളം മറ്റു ഭാഷാ പ്രസാധകരും അണിനിരക്കും. പുസ്തകപ്രകാശനങ്ങളും അനുബന്ധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുമെന്നും എം.വി ജയരാജൻ അറിയിച്ചു.