photo
പഴയങ്ങാടിയിൽ വാഹനം തടഞ്ഞതിനെ തുടർന്ന് സമരക്കാർ പൊലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടപ്പോൾ

പഴയങ്ങാടി: ദേശീയ പണിമുടക്കിന്റെ ഭാഗമായി പഴയങ്ങാടിയിൽ സമരാനുകൂലികൾ ചരക്ക് വാഹനം തടഞ്ഞിട്ടത് പൊലീസുമായുള്ള വാക്ക് തർക്കത്തിന് കാരണമായി. ബസ് സ്റ്റാൻ‌ഡ് പരിസരത്തെ സമര പന്തലിന് സമീപം വച്ചാണ് ലോറികൾ തടഞ്ഞത്. വിവരമറിഞ്ഞെത്തിയ സി.ഐ എം.ഇ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുവച്ച ലോറികൾ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സമരക്കാർ പൊലീസിന് നേരെ തിരിയുകയായിരുന്നു.

വാഹനങ്ങൾ തടയുന്നത് നിയമവിരുദ്ധമാണെന്ന് സി.ഐ പറഞ്ഞതോടെ സമരക്കാർ പിൻമാറുകയും വാഹനങ്ങൾ കടന്ന് പോകുവാൻ അനുവദിക്കുകയുമായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് വാഹനങ്ങൾ തടഞ്ഞത്. പൊതുപണിമുടക്ക് ഇന്നലെ പഴയങ്ങാടിയിൽ പൂർണ്ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. പൊതുയോഗം സി.ഐ.ടി.യു മാടായി ഏരിയാ പ്രസിഡന്റ് ഐ.വി. ശിവരാമൻ ഉദ്ഘാടനം ചെയ്തു. എം.വി.നജീബ് അദ്ധ്യക്ഷത വഹിച്ചു.എ.പി. ബദറുദ്ദീൻ, വി. വിനോദ്, കെ. രഞ്ചിത്ത്, ഒ.വി. രഘു, വി.വി. മുരളി, കെ. ചന്ദ്രൻ, എം. രാമചന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, സി.ഒ പ്രഭാകരൻ, കെ.പി അനിൽകുമാർ, കെ.വി. സന്തോഷ്, പി. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.