കാസർകോട്: ബംഗളൂരിൽ നിന്നും കാസർകോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗർ ചാലക്കുന്നിലെ ഷകീഫ മൻസിൽ പി.കെ ഷാനിബ് (27) പൊലീസ് പിടിയിലായി. കാസർകോട് ഡിവൈ.എസ്. പി.പി. ബാലകൃഷ്ണൻ നായരുടെയും വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ആദ്യം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർമൂലയിൽ നിന്നും വൻതോതിൽ എം.ഡി.എം.എയുമായി അബ്ദുൽ മുനവ്വർ എന്ന മുന്നയെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ബംഗളൂരിൽ നിന്നും കാസർകോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിക്കുകയും തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഷാനിബിനെ കുടുക്കുകയുമായിരുന്നു. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചു വരികയും ചെയ്യുകയായിരുന്നു. ഷാനിബ് കാസർകോട്, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ വിദ്യാനഗർ എസ്.ഐ വിനോദ്, എ.എസ്.ഐ രമേശൻ, സി.പി.ഒ ശരത് എന്നിവരും ഉണ്ടായിരുന്നു.
അറസ്റ്റിലായ ഷാനിബ്