കണ്ണൂർ: കണ്ണൂരിൽ ദേശീയ പൊതുപണിമുടക്ക് ഹർത്താലായി മാറി. പണിമുടക്കിന്റെ ഒന്നാംദിനമായ ഇന്നലെ നഗരത്തിൽ അത്യാവശ്യക്കാർ മാത്രമാണെത്തിയത്. വ്യവസായ സ്ഥാപനങ്ങളും കടകമ്പോളവും അടഞ്ഞുകിടന്നു. പൊതു വാഹനങ്ങൾ സർവീസ് നടത്തിയില്ല. കുറഞ്ഞതോതിൽ സ്വകാര്യ - ചരക്കുവാഹനങ്ങൾ നിരത്തിലുണ്ടായിരുന്നുവെങ്കിലും പലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എന്നാൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ ജില്ലയിൽ ഒരിടത്തും കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.
താഴെചൊവ്വ കിഴുത്തള്ളി ബൈപ്പാസിൽ നിരവധി ചരക്കുലോറികൾ സമരാനുകൂലികൾ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. ചക്കരക്കല്ലിൽ മൗവ്വഞ്ചേരി, ചക്കരക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ച പെട്രോൾ പമ്പുകൾ പൂട്ടിച്ചു. പയ്യന്നൂർ വെള്ളൂരും ചരക്കുലോറികളും മറ്റുവാഹനങ്ങളും തടഞ്ഞതായി പൊലീസ് റിപ്പോർട്ടുണ്ട്.
കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ് പൂർണമായി നിർത്തിയെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. അന്തർസംസ്ഥാന സർവീസും മുടങ്ങി.
ഞായറാഴ്ച വൈകുന്നേരം ബംഗ്‌ളൂരിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ വളരെകുറവായിരുന്നു. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവ പേരിന് മാത്രമാണ് പ്രവർത്തിച്ചത്. സിവിൽ സ്‌റ്റേഷൻ തുറന്നിരുന്നുവെങ്കിലും ഹാജർനില വളരെ കുറഞ്ഞു.
കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾ അടഞ്ഞുകിടന്നത് നഗരത്തിലെത്തപ്പെട്ട യാത്രക്കാർക്കും വഴിയോരങ്ങളിൽ താമസിക്കുന്നവർക്കും തിരിച്ചടിയായി. പൊലീസും നിരവധി സന്നദ്ധ സംഘടനകളും സൗജന്യ ഉച്ചഭക്ഷണവിതരണം നടത്തിയിരുന്നു.
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി കണ്ണൂർ നഗരത്തിൽ നിന്നും തുടങ്ങിയ പ്രകടനം തെക്കിബസാറിൽ തയ്യാറാക്കിയ താൽക്കാലിക സമരപന്തലിൽ സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്തു. സി.പി എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, എം.എ കരീം (എസ്.ടി.യു), സി.പി സന്തോഷ്‌കുമാർ (എ.ഐ.ടി.യു.സി) തുടങ്ങിയവർ പ്രസംഗിച്ചു.