നീലേശ്വരം: കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയെ നിയമസഭയിലേക്കയച്ചതിന്റെ ഓർമ്മയ്ക്ക് നീലേശ്വരത്ത് 19 കോടിമുടക്കി നിർമ്മിച്ച ഇ.എം.എസ് സ്റ്റേഡിയത്തിൽ ഉയർന്നതലത്തിലുള്ള ഒരു മത്സരത്തിനും ഉപകരിക്കില്ലെന്ന വിമർശനവുമായി കായികപ്രേമികൾ.ഫുട്ബാൾ, വോളിബാൾ, ബാസ്ക്കറ്റ് ബാൾ കോർട്ടികളും സ്വിമ്മിംഗ് പൂളും ഉണ്ടെങ്കിലും ഗാലറി ഒരുക്കാൻ നിലവിൽ സൗകര്യമില്ല. കളിക്കാർക്ക് പ്രാക്ടീസ് നടത്താനാകുമെന്നതു മാത്രമാണ് ആകെയുള്ള മെച്ചം.
നീലേശ്വരം ബ്ളോക്ക് ഓഫീസിന് മുന്നിലുള്ള ഈ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും അവകാശം ആർക്കാണെന്നതിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ കൈമാറ്റം നടക്കാത്തതിനാൽ ഫുട്ബോൾ കോർട്ടിലെ ടർഫ് സംരക്ഷിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തെ ബില്ല് കുടിശ്ശികയായി കിടക്കുന്നതുമൂലം വൈദ്യുതി ബന്ധവും വിഛേദിച്ചു. സ്വിമ്മിംഗ് പൂളിലെ വെള്ളം ഇത് വരെ മാറ്റിയിട്ടില്ല'. അത് ലറ്റിക്സ് മത്സരം നടത്തുമ്പോൾ എട്ടാമത്തെ ഉപകാരപ്പെടാത്ത നിലയിലാണ് ഒരുക്കിയിരിക്കുന്നത്.
നഗരസഭയ്ക്കോ, ബ്ളോക്ക് പഞ്ചായത്തിനോ?
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല സംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാത്തതാണ് നിലവിൽ ഏറ്റവും വലിയ പ്രതിസന്ധി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ അധീനതയിലുണ്ടായിരുന്ന അഞ്ച് ഏക്കർ സ്ഥലത്താണ് ആധുനിക സ്റ്റേഡിയം നിർമ്മിച്ചത്.ഇതിനാൽ ബ്ളോക്ക് പഞ്ചായത്തിന് തന്നെ സ്റ്റേഡിയം കൈമാറണമെന്നാണ് ഒരു വാദം. എന്നാൽ തങ്ങളുടെ പരിധിയിൽപെട്ട സ്ഥലത്താണ് സ്റ്റേഡിയം നിൽക്കുന്നതെന്നതിനാൽ ചുമതല കൈമാറിക്കിട്ടണമെന്ന് നീലേശ്വരം നഗരസഭയും ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിന് പുറമെ സ്പോർട്സ് കൗൺസിലിന്ചുമതല കൈമാറാനുള്ള സാദ്ധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്.
ഇ എം എസ് സ്റ്റേഡിയം നഗരസഭക്ക് കൈമാറിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കും. ഒരു മാസത്തിൽ സ്റ്റേഡിയം സംരംക്ഷിക്കാൻ 2 ലക്ഷത്തോളം രൂപ ചെലവ് വേണ്ടി വരും. എത്രയും പെട്ടെന്ന് സർക്കാർ ഇതിൽ ഒരു തീരുമാനം കൈക്കൊള്ളേണ്ടതാണ്-
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി
ബ്ലോക്ക് ഉടമസ്ഥതയിലുള്ള സ്ഥലമാണ് സ്റ്റേഡിയത്തിനായി കൈമാറിയത്. സ്റ്റേഡിയത്തിന്റെ ചുമതല അത് കൊണ്ട് തന്നെ ബ്ലോക്ക് പഞ്ചായത്തിന് കൈമാറേണ്ടതാണ്-
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ