കണ്ണൂർ: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും ജില്ല നിശ്ചലമായി. സംയുക്ത ട്രേഡ് യൂനിയൻ പ്രഖ്യാപിച്ച പണിമുടക്ക് സമരത്തിൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നഗരത്തിൽ ഒരിടത്തും കടകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായില്ല.

പണിമുടക്ക് അനുകൂലികൾ തുടർച്ചയായ രണ്ടാമത്തെ ദിവസവും ചരക്കു ലോറികൾ ഉൾപ്പെടെയുള്ളവ തടഞ്ഞു. കണ്ണൂർ - കാസർകോട് ദേശീയപാതയിലെ തെക്കി ബസാറിൽ തടഞ്ഞിട്ട ചരക്കു ലോറികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ രണ്ടാം ദിനവും സർവീസ് നടത്തിയില്ല. എന്നാൽ ട്രെയിൻ ഗതാഗതം പതിവുപോലെ നടന്നു. എങ്കിലും റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നന്നെ കുറവായിരുന്നു.

പണിമുടക്കിയ സർക്കാർ ഉദ്യോഗസ്ഥർക്ക് ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിവിൽ സ്റ്റേഷനിൽ ജീവനക്കാർ ജോലിക്ക് ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും എൻ.ജി.ഒ. സംഘ് യൂനിയനിൽപ്പെട്ട ഏതാനും പേർ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാർ രണ്ടാം ദിനവും ജോലിയിൽ നിന്നുവിട്ടുനിന്നു. സിവിൽ സ്റ്റേഷനിൽ ജോലിക്ക് ഹാജരാകുന്നവരെ തടയാൻ ഹർത്താൽ അനുകൂലികളായ ജീവനക്കാർ സിവിൽ സ്റ്റേഷൻ ഒന്നാം ഗേറ്റിൽ നിലയുറപ്പിച്ചിരുന്നുവെങ്കിലും ബഹു ഭൂരിപക്ഷമാളുകളും ജോലിക്ക് ഹാജരാവാത്തതിനാൽ പ്രകടനം നടത്തിയതിനു ശേഷം മടങ്ങിപ്പോയി.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവയും അടഞ്ഞുകിടന്നു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പേരിനു മാത്രമേ പ്രവർത്തിച്ചുള്ളൂ. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. ആശുപത്രി കാന്റീനൊഴികെയുള്ള ഭക്ഷണശാലകൾ തുറന്നു പ്രവർത്തിച്ചില്ല. പൊലീസും സന്നദ്ധ സേവന സംഘടനകളും ഏർപ്പെടുത്തിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതി തെരുവിൽ കഴിയുന്നവർക്ക് ആശ്വാസമായി.

രണ്ടുദിവസമായി കണ്ണൂർ കോർപറേഷനിൽ ശുചീകരണതൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതു കാരണം കോർപറേഷൻ പരിധിയിൽ മാലിന്യകൂമ്പാരങ്ങൾ വർദ്ധിച്ചിട്ടുണ്ട്. പണിമുടക്കിന് ഐകദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെയും കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.