ഇരിട്ടി: പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച് മുൻ ജില്ലാ ഗവ. പ്ലീഡറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവായി.
2017 മാർച്ച് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ വൃദ്ധയുടെ മകന് പുതുതായി നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്ക് എത്തിയ ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവിന്റെ സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീയെ രാജീവൻ പീഡിപ്പിക്കുകയും സംഭവത്തിനു ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ അവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തുടർന്ന് വന്ന ഡി.എൻ.എ ഫലവും പ്രതിക്കെതിരായി. സംഭവം നടന്ന് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്.