തൃക്കരിപ്പൂർ: രാത്രിയിൽ വീട്ടിൽ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. ജനലുകളും ഫർണിച്ചറുകളും സൈക്കിളും തകർത്തു. പാത്രങ്ങൾ അടിച്ചുടച്ച് കിണറ്റിലെറിഞ്ഞു. വീട്ടിലുണ്ടായിരുന്നവർ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഒളവറ മാവിലങ്ങാട്ടെ പൈതലേൻ സുലോചനയുടെ വീട്ടിലാണ് നാലംഗ അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സകലതും തച്ചുതകർത്തത്. വീടിന്റെ മുന്നിലെയും ഇരു ഭാഗങ്ങളിലെയും ജനലുകൾ പൂർണമായും അടിച്ചുതകർത്ത നിലയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തൊട്ടടുത്ത കല്ല്യാണ വീട്ടിനടുത്തുവച്ചുണ്ടായ തർക്കത്തിലിടപെട്ട് സംസാരിച്ചതിന്റെ വൈരാഗ്യത്തിൽ നാലു പേർ ചേർന്ന് സുലോചനയുടെ വീട്ടിലെത്തി രാത്രിയിൽ അതിക്രമം കാട്ടുകയായിരുന്നു. അക്രമം നടക്കുമ്പോൾ ഇവരുടെ മകൻ ശ്രീജേഷിന്റെ ഭാര്യ സജിനയും ഒരു വയസുള്ള മകളും മാത്രമെ വീട്ടിലുണ്ടായിരുന്നു. ചില്ല് കമ്പിപ്പാര ഉപയോഗിച്ച് തകർക്കുന്ന ശബ്ദം കേട്ട് ഇവർ പിന്നിലെ വാതിൽ തുറന്ന് കുഞ്ഞുമായി അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം സംബന്ധിച്ച് ചന്തേര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.