mayyazhi

മാഹി: മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാടിന്റെ പിന്തുണ. ന്യൂമാഹിയിൽ നടന്ന നിരന്തര ഇടപെടലുകളിലൂടെ പുഴ മലിനീകരണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് സമിതി യോഗം വിലയിരുത്തി. ലിബാസ് മങ്ങാടിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ന്യൂമാഹി പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പ്രശംസനീയമായ പ്രവർത്തനങ്ങളുണ്ടായി. എങ്കിലും ജാഗ്രത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മാഹിയിലും ന്യൂമാഹിയിലും നടത്തിയ മാതൃക മറ്റ് പ്രദേശങ്ങളിൽ അതാത് യൂണിറ്റ് സമിതികൾ രൂപീകരിച്ച് വ്യാപിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുഴ സംരക്ഷണം ഏറ്റെടുത്ത മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് കെ.പി മോഹനൻ എം.എൽ.എയും പിന്തുണ അറിയിച്ചു. പുഴ കൈയേറ്റവും അനുബന്ധ നികത്തലുകളും ഫലപ്രദമായി തടയാനായി പുതിയ ആർ.ടി.ഐ വിംഗും രൂപീകരിച്ചു. ദേവദാസ് മത്തത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിംഗിൽ നഗരസഭാ കൗൺസിലറും കരിയാട് മേഖല പുഴ സംരക്ഷണ സമിതി ചെയർമാനുമായ എ.എം രാജേഷ്, പൊതു പ്രവർത്തകനായ ജെസ്‌വിൻ കവിയൂർ എന്നിവർ അംഗങ്ങളാണ്. സമിതിയുടെ പഠന വിഭാഗവുമായി ചേർന്നാണ് വിംഗ് പ്രവർത്തിക്കുക.

സമിതി ചെയർമാൻ വിജയൻ കൈനാടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.കെ രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, പാനൂർ നഗരസഭ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എ.എം രാജേഷ് എന്നിവരും വി.പി ചാത്തു, പി.കെ രാജൻ കരിയാട്, ഡോ. എം.കെ മധുസൂദനൻ, വി.പി ജയൻ അഴിയൂർ, മുരളി വാണിമേൽ, ഷൗക്കത്ത് അലി എരോത്ത് എന്നിവരും സംസാരിച്ചു.