കണ്ണൂർ: ഇന്ധന- മരുന്ന് വിലക്കയറ്റത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ തുടർന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങൾ കൊമ്പുകോർത്തു. വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് യോഗം ബഹളത്തിൽ മുങ്ങിയത്. പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് മേൽ അമിതഭാരം അടച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന പ്രസ്താവനയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രമേയത്തിൽ നിന്നും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന പ്രസ്താവന എടുത്തുമാറ്റിയാൽ പ്രമേയത്തെ എെകകണ്ഠേന അംഗീകരിക്കാമെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു. മികച്ച പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിനെ കരിവാരിതേക്കുകയാണ് പ്രമേയത്തിലൂടെയെന്ന് ബി.ജെ.പി കൗൺസിലർ വി.കെ.ഷൈജു കുറ്റപ്പെടുത്തി.
നിരവധി പൊതു ചടങ്ങുകളും വിവാഹങ്ങളുൾപ്പെടെയുള്ള സ്വകാര്യചടങ്ങുകളും നടന്നിരുന്ന സ്ഥാപനമായ ചേലോറ പഞ്ചായത്ത് സാംസ്കാരിക നിലയം കഴിഞ്ഞ അഞ്ച് വർഷമായി വോട്ടിംഗ് യന്ത്രത്തിന്റെ പുനരുപയോഗിക്കാനാവാത്ത ഭാഗങ്ങളും അനുബന്ധ ആക്രി സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണാക്കി മാറ്റിയിരിക്കുകയാണെന്ന് ചേലോറ കൗൺസിലർ കെ. പ്രദീപൻ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ തീരുമാനം മൂലം സംഭവിച്ചിട്ടുള്ള ഈ സാംസ്കാരിക കേന്ദ്രത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ മുഴുവൻ സാധനങ്ങളുമെടുത്ത് മാറ്റണമെന്നും പ്രദീപൻ പറഞ്ഞു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൽ. ഉഷ, മാർട്ടിൻ ജോർജ്, എം. ശകുന്തള സംസാരിച്ചു.
ഏഴ് മിനുട്ടിൽ
തർക്കം
അടിയന്തര പ്രമേയത്തെ കുറിച്ച് സംസാരിക്കാൻ എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ ഏഴ് മിനുട്ടെടുത്തത് മേയറെ ക്ഷുഭിതനാക്കി. അംഗങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് എടുത്ത് വായിച്ച് നോക്കണമെന്നും ഒാരോ അംഗത്തിനും എത്ര സമയം നൽകിയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പെരുമാറണമെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ഇതേ തുടർന്ന് മേയറും രവീന്ദ്രനും തമ്മിൽ തർക്കമായി. മറ്റ് കൗൺസിലർമാരും ഏറ്റുപിടിച്ചതോടെ യോഗം ബഹളത്തിലെത്തി.
കഴിഞ്ഞ രണ്ടാഴ്ചയായി പയ്യാമ്പലം വാതക ശ്മശാനം പ്രവർത്തിക്കുന്നില്ല. നിലവിൽ വിറക് ഉപയോഗിച്ചാണ് ശവദാഹം നടക്കുന്നത്. വിറകിനും വലിയ ദൗർലഭ്യം നേരിടുകയാണ്. എത്രയും പെട്ടെന്ന് ആവശ്യമായ വിറകെത്തിക്കണം.
എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ
രാജ്യം രണ്ട് ദിവസം നടത്തിയ പണിമുടക്കിനെ പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസിന് യാതൊരു പണിമുടക്കും ബാധകമായിരുന്നില്ല. കോർപ്പറേഷനിൽ തൊഴിലാളികൾക്ക് യാതൊരു ജോലിയും ചെയ്യാൻ സാധിച്ചിരുന്നില്ല.
അഡ്വ. പി. ഇന്ദിര, മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ