ശ്രീകണ്ഠപുരം: മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഭർത്താവിനെത്തേടി ബംഗളൂരു പൊലീസ് കണ്ണൂരിലെത്തി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങളായി ചുഴലിയിലാണ് ഇന്നലെ രാവിലെ പൊലീസ് സംഘമെത്തിയത്. കാസർകോട് വിദ്യാനഗർ സ്വദേശിനിയും യുക്തിവാദി നേതാവും എഴുത്തുകാരനുമായ നാരായണൻ പേരിയയുടെ മകളുമായ എൻ. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷ് കോയാടനെ തേടിയാണ് ബംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വെങ്കിടേഷ്, സീനിയർ സി.പി.ഒ യാസിൻ പാഷ, ഡ്രൈവർ ദീപക് എന്നിവരെത്തിയത്.
ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്റെയും എ.എസ്.ഐ വിനോദ്കുമാറിന്റെയും സഹായത്തോടെയാണ് സംഘം അനീഷിന്റെ ചുഴലിയിലെ വീട്ടിലെത്തിയത്. വീട് പൂട്ടികിടക്കുകയായിരുന്നു. അയൽവാസികളോട് കാര്യങ്ങൾ തിരക്കിയപ്പോൾ അനീഷിനെ പറ്റി ഒന്നും അറിയില്ലെന്നും മാതാപിതാക്കൾ ധർമ്മശാലയിലുള്ള അനീഷിന്റെ സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരവുമാണ് നൽകിയത്. തുടർന്ന് ഉച്ചയോടെ സംഘം ധർമ്മശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
റോയ്‌റ്റേഴ്‌സിൽ സബ് എഡിറ്ററായിരുന്നു ശ്രുതി. നാലുവർഷം മുമ്പാണ് ബംഗളൂരുവിൽ എൻജിനീയറായ അനീഷിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ 20നാണ് ശ്രുതി ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചത്. അതിന് രണ്ടുദിവസം മുമ്പ് അനീഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു.