a

പയ്യന്നൂർ: മയക്കുമരുന്നിനും പരസ്യ മദ്യപാനത്തിനുമെതിരെ ശക്തമായ നടപടികൾ സ്വകരിച്ചു വരുന്നുണ്ടെന്നും സമീപകാലത്ത് ഇതിനെതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ടെന്നും എക്സൈസ്, പൊലീസ് വകുപ്പുകൾ, ബുധനാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. താലൂക്ക് പരിധിയിലെ നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി ഉയർന്നുവന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ വിവിധ സ്ഥലങ്ങളിൽ പ്രവൃത്തി നടക്കുന്നുണ്ടെന്നും , ഇവയിൽ മുടങ്ങി കിടക്കുന്ന സ്വാമിമുക്ക് - അന്നൂർ റോഡ്, പയ്യന്നൂർ - അന്നൂർ റോഡ് എന്നിവയുടെ പ്രവൃത്തി അടുത്തയാഴ്ച തന്നെ പുനരാരംഭിക്കുന്നതാണെന്നും വകുപ്പ് അസി: എൻജിനീയർ യോഗത്തെ അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളുടെ സർവ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടിയില്ലാത്തത് യോഗത്തിൽ പ്രതിഷേധത്തിനിടയാക്കി.

എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാണെന്നും എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താൽപര്യം കാണിക്കുന്നില്ലെന്നും എം.പി.യുടെ പ്രതിനിധി കെ. ജയരാജൻ യോഗത്തെ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും ഗ്രാമപഞ്ചായത്തുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ സൂചിപ്പിച്ചു.

പയ്യന്നൂർ സബ് കോടതിക്ക് മുന്നിലുള്ള ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് പൊളിച്ച് നീക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടർന്ന് വരുന്നതായി ജല അതോറിറ്റി പ്രതിനിധി യോഗത്തെ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പി.വി. വത്സല അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരുടെയും എം.പി.യുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.