പയ്യന്നൂർ: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ആർദ്ര കേരളം പുരസ്‌കാരത്തിന് ജില്ലയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

നവകേരള മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി നൽകുന്നതാണ് ആർദ്ര കേരളം പുരസ്‌കാരം. 5 ലക്ഷം രൂപയാണ് പുരസ്‌കാര തുകയായി ലഭിക്കുക.

2020-21 വർഷത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ , പകർച്ചവ്യാധി പ്രതിരോധ പരിപാടികൾ, രോഗ പ്രതിരോധ കുത്തിവെപ്പ്, വാർഡ്തല ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ , കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യ പോഷണ പ്രവർത്തനം, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ, നൂതന ആശയ പ്രചരണം, ശിശു സൗഹൃദ അങ്കണവാടി തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അർഹമായത്.

2020 ആഗസ്റ്റിലാണ് കുഞ്ഞിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ആശുപത്രിയിലെ സൗകര്യങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങൾ പുരസ്‌കാര കമ്മിറ്റി വിലയിരുത്തുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന ചെയർമാനും മെഡിക്കൽ ഓഫീസർ ഡോ. കെ. കവിത കൺവീനറുമായുള്ള ആശുപത്രി വികസന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

എം. വിജിൻ എം.എൽ.എ, മുൻ എം.എൽ.എ. ടി.വി. രാജേഷ് , ജനപ്രതിനിധികൾ, മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിനെ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എ. പ്രാർത്ഥന പറഞ്ഞു.

ജില്ലയിലെ രണ്ടാംസ്ഥാനം തില്ലങ്കേരി പഞ്ചായത്തിനും (മൂന്ന് ലക്ഷം രൂപ), മൂന്നാംസ്ഥാനം കണ്ണപുരം പഞ്ചായത്തിനും (രണ്ട് ലക്ഷം രൂപ) ലഭിച്ചു.