
കണ്ണൂർ: ബസിൽ വച്ച് ശല്യം ചെയ്ത ശേഷം ഇറങ്ങിയോടിയ 53കാരനെ പിന്തുടർന്നു പിടിച്ച് പൊലീസിലേൽപ്പിച്ച 21കാരി സോഷ്യൽമീഡിയയിൽ താരമായി. കരിവെള്ളൂർ കുതിരുമ്മൽ സ്വദേശിയായ പി.ടി. ആരതിക്ക് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടേക്കു പോകുമ്പോഴാണ് ബസ്സിൽ വച്ച് ദുരനുഭമുണ്ടായത്. തൃക്കരിപ്പൂർ മാണിയാട്ട് സ്വദേശിയായ രാജീവനെയാണ് പിന്തുടർന്ന് പിടിച്ചത്.
കോളേജിൽ എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ ആയിരുന്ന ആരതി സ്വകാര്യ ബസ് പണിമുടക്ക് ദിനത്തിൽ തിരക്കേറിയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു യാത്രചെയ്തത്. ബസ് നീലേശ്വരത്തെത്തിയപ്പോൾ തൊട്ടുപിറകിൽ കൂടിയ ഒരാളുടെ ശല്യം തുടങ്ങി. മനപ്പൂർവ്വമല്ലെന്നാണ് ആദ്യം കരുതിയത്. ശല്യം കൂടിയപ്പോൾ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അത് കേൾക്കാതെവന്നപ്പോൾ സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കണ്ടക്ടറും മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും രക്ഷയില്ലാതായപ്പോൾ പൊലീസിനെ അറിയിക്കാൻ തീരുമാനിച്ചു. ആഴ്ചകൾക്കുമുമ്പ് ഒരു ബസിൽ കോളേജ് അദ്ധ്യാപികയ്ക്ക് സമാന അനുഭവമുണ്ടായപ്പോൾ പൊലീസിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശല്യക്കാരൻ ചാടിപ്പോയത് മുന്നിൽക്കണ്ടായിരുന്നു ആരതിയുടെ നീക്കം.
ബസ് കാഞ്ഞങ്ങാട് എത്തി യുവതി ഫോൺ എടുത്തപ്പോൾത്തന്നെ ഈയാൾ ഇറങ്ങിയോടി. നൂറു മീറ്ററോളം യുവതി പിന്നാലെ ഓടി. മൊബൈലിൽ ഈയാളുടെ ഫോട്ടോയും അതിനിടയിൽ പകർത്തിയിരുന്നു. ഒരു ലോട്ടറിക്കടയിൽ കയറി ഭഗ്യക്കുറി എടുക്കാനെന്ന വ്യാജേന ഈയാൾ നിൽക്കുന്നതു കണ്ടതോടെ യുവതിയും അവിടേക്കു കയറി. പ്രശ്നം പറഞ്ഞതോടെ അവിടെയുണ്ടായിരുന്നവർകൂടി ചേർന്ന് ഈയാളെ തടഞ്ഞുവച്ചു വിവരമറിയിച്ചതിനു പിന്നാലെ ഹോസ്ദുർഗ് പൊലീസ് എത്തി രാജീവനെ കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നിന്ന് കഴിഞ്ഞ വർഷമാണ് ആരതി ബിരുദം പൂർത്തിയാക്കിയത്. കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകളാണ്.
നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈയിൽ തന്നെയാണ്. മറ്റാരും നമുക്കൊപ്പമില്ലെങ്കിലും ആത്മധൈര്യം കൈവിടരുത്. ഇത്തരം സന്ദർഭങ്ങളിൽ നമ്മളെ സഹായിക്കുന്നതിനാണ് പിങ്ക് പൊലീസ് പോലുള്ള സംവിധാനങ്ങൾ . ഇവയെല്ലാം കൃത്യസമയത്ത് ഉപയോഗിക്കണം.
- ആരതി