കണ്ണൂർ: സമ്പൂർണ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിതമിഷന്റെ നേതൃത്വത്തിലുള്ള പരിശോധനാ ഫലത്തിൽ ജില്ലയിൽ ശുദ്ധജലത്തിന്റെ ഗുണനിലവാരം കുറയുന്നതായി റിപ്പോർട്ട്. ജില്ലയിൽ 18 പഞ്ചായത്തുകളിൽ മിഷൻ പരിശോധന നടത്തി വരികയാണ്. പ്രധാനമായും തോടുകളെയും നീരുറവകളെയും കേന്ദ്രീകരിച്ചാണ് പരിശോധന. കർമ്മസേനാംഗങ്ങൾ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പരിശോധിച്ചവയിൽ ഏറെ ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ഫലം കാണുന്നതെന്ന് അധികൃതർ പറഞ്ഞു. തോട്, നീർത്തടം, കിണർ തുടങ്ങിയ എല്ലാ കുടിവെള്ള സ്രോതസുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
പരിശോധിച്ച കുടിവെള്ള സ്രോതസുകളിൽ ഏറെയും പി.എച്ച് മൂല്യം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തോടുകളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണ്. തോടുകളിൽ സമീപത്തെ വീട്ടുകാർ വിസർജ്യ മാലിന്യങ്ങൾ ഒഴുക്കുന്നത് ഇപ്പോഴും ജലസ്രോതസുകളിലേക്കാണെന്നും പരിശോധനയിൽ കണ്ടെത്തി. രാസ പദാർത്ഥങ്ങളുടെ അംശവും കൂടിയിട്ടുണ്ട്. മെഡിക്കൽ മാലിന്യം കൂടിയതാണ് വെള്ളത്തിൽ അടുത്തകാലത്തായി രാസപദാർഥങ്ങൾ വർദ്ധിക്കാൻ കാരണം. ഉപ്പിന്റെ അംശവും വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലെ മാലിന്യവും വെള്ളത്തിൽ ഒഴുക്കുന്ന മനോഭാവത്തിനു മാറ്റമില്ല.
അറവു മാലിന്യങ്ങൾ കുറഞ്ഞു
രാസമാലന്യങ്ങൾ ഉൾപ്പെടെ ജലായങ്ങളിൽ ഒഴുക്കുമ്പോൾ ശുദ്ധജല സ്രോതസുകളിൽ അറവുമാലിന്യങ്ങളും കോഴിമാലിന്യങ്ങളും തള്ളുന്നത് കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. നേരത്തെ ജില്ലയിലെ പ്രധാന തോടുകളും പുഴകളുമെല്ലാം അറവ് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ കേന്ദ്രങ്ങളായിരുന്നു. കക്കാട് പുഴ, അഞ്ചരക്കണ്ടി പുഴ തുടങ്ങിയവയെല്ലാം അറവ് മാലിന്യങ്ങളുടെ സ്ഥിരം നിക്ഷേപ കേന്ദ്രങ്ങളാണ്.
ശുദ്ധജല സ്രോതസുകളിൽ പി.എച്ച് മൂല്യം കുറയുകയെന്നത് വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നുവെന്നതിന്റെ സൂചനയാണ്. ഇതു അതിരൂക്ഷമായ പ്രശ്‌നമാണ്. ആവാസ വ്യവസ്ഥകളെ തന്നെ ബാധിക്കും. തോടുകളിലെ വെള്ളത്തിലാണ് കൂടുതലും പി.എച്ച് മൂല്യം കുറഞ്ഞതായി കണ്ടെത്തിയത്.
സോമശേഖരൻ, ഹരിത കർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ