
□എല്ലാ ജില്ലകളിലും പ്രദർശന മേള □സമാപനം 20ന് തിരുവനന്തപുരത്ത്
കണ്ണൂർ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് മൂന്നിന് കണ്ണൂരിൽ തുടക്കം കുറിക്കും. വൈകുന്നേരം ആറിന് പൊലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പതിനാലുവരെ ' മെഗാ എക്‌സിബിഷനും നടക്കും.
മേയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ജില്ലകളിലും 'എന്റെ കേരളം എന്ന പ്രദർശന മേള നടത്തും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മേയ് 20ന് സമാപനം.
സർക്കാരിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കണ്ണൂരിലെ പ്രദർശനം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കണ്ണൂർ മേയർ ടി.ഒ. മോഹനൻ എന്നിവർ പങ്കെടുക്കും.
വികസന കേരളത്തെ
അടുത്തറിയാൻ
വികസന കേരളത്തെ അടുത്തറിയാനുള്ളതായിരിക്കും എന്റെ കേരളം' മെഗാ ഏക സിബിഷൻ. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌കരിക്കുന്ന കേരളത്തെ അറിയാം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാദ്ധ്യതകളും അണിനിരത്തുന്ന എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ് ബി സ്റ്റാൾ എന്നിവ ആകർഷണമാവും. ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും.