cpm
ബാബുരാജിൽ നിന്നും സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ കുപ്പിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് ശില്പം ഏറ്റുവാങ്ങുന്നു

കൂത്തുപറമ്പ്: പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായിരുന്നു ഇന്നലെ ശങ്കരനെല്ലൂരിലെ പി.കെ. ബാബുരാജ്. ഭിന്നശേഷിക്കാരനായ ഈ കലാകാരൻ കുപ്പിയിൽ നിർമ്മിച്ച സി.പി.എം പാർട്ടി കോൺഗ്രസ് സംഘാടക സമിതി സ്തൂപം പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നേരിട്ടെത്തി ഏറ്റുവാങ്ങി. കേരളകൗമുദി വാർത്തയിലൂടെയാണ് ബാബുരാജിന്റെ ആഗ്രഹം സി.പി.എം നേതാക്കൾ അറിഞ്ഞത്.

കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഫോട്ടോകൾ ഉൾപ്പെടെ ആലേഖനം ചെയ്ത ബോട്ടിൽ ആർട്ട് ഏറേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നേരത്തെയും ചില്ലു കുപ്പികളിൽ വിവിധ രൂപങ്ങൾ തീർത്തിട്ടുള്ള ബാബുരാജിന്റെ വ്യത്യസ്ത നിർമ്മിതിയായിരുന്നു സംഘാടക സമിതി ഓഫീസ്.

പാർട്ടി കോൺഗ്രസ് വേദിയിൽ തന്റെ ബോട്ടിൽ ആർട്ട് സ്ഥാപിക്കണമെന്നതായിരുന്നു ബാബുരാജിന്റെ ആഗ്രഹം. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എം.വി.ജയരാജൻ നേരിട്ടെത്തി ശില്പം ഏറ്റുവാങ്ങുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ധനഞ്ജയൻ, കെ.ലീല, ഏരിയാ സെക്രട്ടറി ടി.ബാലൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ജന്മനാ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന ബാബുരാജ് വൈകല്യങ്ങളെ അതിജീവിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ പൂ വിൽപ്പനയിലൂടെയാണ് ഇദ്ദേഹം ഉപജീവനം നടത്തുന്നത്.