
ഏപ്രിൽ 4ന് കോടിയേരി പ്രഖ്യാപനം നടത്തും
കണ്ണൂരിൽ നിർമ്മിച്ചത് 212 സ്നേഹവീടുകൾ
കണ്ണൂർ :സി.പി.എം 23 ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ജില്ലയിൽ 23 സ്‌നേഹ വീടുകൾ പൂർത്തികരിച്ചതിന്റെ പ്രഖ്യാപനം ഏപ്രിൽ നാലിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിൽ 212 സ്‌നേഹവീടുകളാണ് പാവപ്പെട്ടവർക്ക് വേണ്ടി സി.പി.എം നിർമ്മിച്ചത്. പയ്യന്നൂർ, പെരിങ്ങോം, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പിണറായി, പേരാവൂർ, ഇരിട്ടി എന്നീ 8 ഏരിയകളിലെ മുഴുവൻ ലോക്കലുകളിലും സ്‌നേഹവീടുകൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്.
ജില്ലയിലെ 18 ഏരിയാപരിധിയിലാണ് തികച്ചും അർഹരെന്ന് ബോദ്ധ്യമായ കുടുംബങ്ങൾക്ക് വീടുകൾ നൽകിയത്. 67 വിധവകൾ, 33 ഓട്ടിസം ബാധിതരും ഭിന്നശേഷിക്കാരും 23 മാരകരോഗ ബാധിതർക്കുമായാണ് വീടുകൾ നൽകുന്നത്. പതിനാറ് ലോക്കലുകളിൽ പ്രാദേശികഘടകങ്ങൾ രണ്ടു മുതൽ 5 വരെ വീടുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്.
ശ്രീലക്ഷ്മിയ്ക്ക് താക്കോൽ നൽകി പ്രഖ്യാപനം
ഏപ്രിൽ നാലിന് കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കലിലെ പയ്യാമ്പലം കുനിയിൽ പാലത്ത് വിധവയായ ശ്രീലക്ഷ്മിക്ക് സ്‌നേഹവീടിന്റെ താക്കോൽ കൈമാറിയാണ് 23 വീടുകളുടെ പ്രഖ്യാപനം കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുന്നത്.ജില്ലയിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ 23 വീടുകൾ കൂടി നിർമ്മിച്ചു നൽകും. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള ശാസ്ത്രമേള ഏപ്രിൽ രണ്ടിന് ധർമ്മശാലയിൽ കോട്ടയം എം.ജി. യൂണിവേഴ്സിറ്റി വൈസ്‌ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ചിന് വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ വർഗീയവത്ക്കരണം ' എന്ന വിഷയത്തിൽ ധർമ്മശാലയിൽ നടത്തുന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 2 ന് പയ്യന്നൂർ, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, മാടായി, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂർ, താഴെചൊവ്വ, ചക്കരക്കല്ല്, പാനൂർ, മട്ടന്നൂർ, ഇരിട്ടി ,ഏപ്രിൽ 3 ന് പിണറായി,ഏപ്രിൽ 4 ന് തലശ്ശേരി, പേരാവൂർ, ഏപ്രിൽ 5 ന് കൂത്തുപറമ്പ് എന്നിവിടങ്ങളിൽ റെഡ് വളണ്ടിയർമാരുടെ പരേഡും സംഘടിപ്പിക്കും. ഏപ്രിൽ 2,3 തീയ്യതികളിൽ 231 ലോക്കലുകളിൽ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.